പയ്യന്നൂർ: ചരിത്രനഗരമായ പയ്യന്നൂരിന്റെ പ്രവേശന കവാടത്തിന് പരിസ്ഥിതി ബോധത്തിന്റെ സൗന്ദര്യവും വേദനയും നിറഞ്ഞ കാഴ്ചയൊരുക്കി ആമ ശിൽപം. കയറിൽ വരിഞ്ഞു മുറുക്കപ്പെട്ട ആമ ശിൽപം പാഴ് വസ്തുക്കൾ കൊണ്ട് നിർമിച്ചത് പ്രശസ്ത ശിൽപി ഉണ്ണികാനായിയും സംഘവും. നഗരസഭ ശുചിത്വനഗരം സുന്ദരനഗരം മാലിന്യമുക്തം നവകേരളം രണ്ടാം ഘട്ട കാമ്പയിന്റെ ഭാഗമായാണ് പയ്യന്നൂരിലേക്കുള്ള പ്രധാന കവാടമായ പെരുമ്പയിൽ ശിൽപമൊരുക്കിയത്.
11അടി നീളവും ഒമ്പത് അടി വീതിയിലും അഞ്ചടി ഉയരവുമുള്ള ശിൽപത്തിലൂടെ ജീവസൗന്ദര്യത്തോടൊപ്പം മനുഷ്യൻ വലിച്ചെറിയുന്ന മാലിന്യങ്ങൾ പ്രകൃതിയിലെ ജീവജാലങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നുള്ളതിന്റെ വേറിട്ടൊരു കാഴ്ച കൂടിയായി. ഏറ്റവും കൂടുതൽ ആയുസ്സുള്ള ജീവിയായ ആമയുടെ പുറം തോടിൽ നാം നിസ്സാരമെന്ന് കരുതി വലിച്ചെറിയുന്ന സൗന്ദര്യ വർധക വസ്തുവായ വള കുടുങ്ങിക്കിടക്കുന്നു. വളയുമായി വളരുകയും കുടുങ്ങിക്കിടന്ന വളയെ അതിജീവിച്ച ആമയുടെ ദയനീയ അവസ്ഥയുമാണ് ശിൽപത്തിൽ ദർശിക്കുന്നത്.
മനുഷ്യന്റെയും ജീവജാലങ്ങളുടെയും തലമുറക്ക് ഭീഷണിയാകുന്ന ഇത്തരം മാലിന്യം നാം വലിച്ചെറിയുമ്പോൾ സമൂഹത്തിൽ എങ്ങനെ ദോഷം ചെയ്യുന്നു എന്ന് ശിൽപം പറഞ്ഞു തരുന്നുണ്ട്. ഉപയോഗശുന്യമായ പ്ലാസ്റ്റിക് ബോട്ടിലുകൾ, സ്കൂൾ ബാഗുകൾ, ചെരിപ്പുകൾ, പ്ലാസ്റ്റിക് ചാക്കുകൾ, തെർമോകോൾ, ബൾബുകൾ തുടങ്ങിയവ ശേഖരിച്ച് മൂന്നു ദിവസം കൊണ്ടാണ് ശിൽപമൊരുക്കിയത്. ഉണ്ണികാനായിയോടൊപ്പം ഷൈജിത്ത് കുഞ്ഞിമംഗലം, വിനേഷ് കോയക്കീൽ, ബിജു കോയക്കീൽ, ബാബുട്ടൻ മണിയറ, ടി.കെ. അഭിജിത്ത് എന്നിവരും സഹായിയായി ഉണ്ടായി.
മാലിന്യമുക്തം നവകേരളം ഒന്നാംഘട്ട കാമ്പയിന്റെ ഭാഗമായി കഴിഞ്ഞ വർഷവും ശിൽപി ഉണ്ണികാനായി ബോധവത്കരണ ശിൽപമൊരുക്കിയിരുന്നു. വായിലകപ്പെട്ട പ്ലാസ്റ്റിക് മാലിന്യങ്ങൾകൊണ്ട് ദുരിതമനുഭവിക്കുന്ന മത്സ്യത്തിന്റെ വേദനാജനകമായ കൂറ്റൻ മണൽ ശിൽപമാണ് കഴിഞ്ഞവർഷം കവ്വായി പുഴയോരത്ത് ഒരുക്കിയത്. ഈ വർഷവും തികച്ചും വ്യത്യസ്തമായ ശിൽപമാണ് ഒരുക്കിയത്. വേസ്റ്റ് ടു ആർട്ട് ജീവനമെന്ന ശിൽപം ടി.ഐ. മധുസൂദനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൻ കെ.വി. ലളിത അധ്യക്ഷത വഹിച്ചു. ഉണ്ണി കാനായിയെ ചടങ്ങിൽ എം.എൽ.എ ആദരിച്ചു. എൻ.എസ്.എസ് പയ്യന്നൂർ കോളജ് യൂനിറ്റ് പതിനൊന്നിലെ വളന്റിയർ പി.എസ്. പാർഥിവ് പാഴ് വസ്തുക്കൾ കൊണ്ട് നിർമിച്ച ഇടക്ക എം.എൽ.എക്ക് കൈമാറി.