Sun. Nov 24th, 2024

എ.ഡി.എമ്മിന്‍റെ ആത്മഹത്യ; പി.പി ദിവ്യക്കെതിരെ തിളച്ചുമറിഞ്ഞ് പ്രതിഷേധം; ജീവനക്കാരടക്കം തെരുവിൽ

എ.ഡി.എമ്മിന്‍റെ ആത്മഹത്യ; പി.പി ദിവ്യക്കെതിരെ തിളച്ചുമറിഞ്ഞ് പ്രതിഷേധം; ജീവനക്കാരടക്കം തെരുവിൽ

കണ്ണൂർ: യാത്രയയപ്പ് ചടങ്ങിൽ സി.പി.എം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി.പി. ദിവ്യ ഗുരുതര ആരോപണം ഉന്നയിച്ചതിന് പിന്നാലെ എ.ഡി.എം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തം. കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ്, മുസ്ലിം ലീഗ്, യൂത്ത് ലീഗ്, ബി.ജെ.പി, യുവമോർച്ച പ്രവർത്തകർ ജില്ലാ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്തി.

പി.പി. ദിവ്യ പ്രസിഡന്‍റ് സ്ഥാനം രാജിവെക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് ഓഫീസിലേക്ക് അതിക്രമിച്ചു കടക്കാന്‍ പ്രവർത്തകർ ശ്രമിച്ചത് സംഘര്‍ഷത്തിന് വഴിവെച്ചു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. ശൂര്‍പണഖയെന്നും ഡ്രാക്കുളയെന്നും കൊലപാതകിയെന്നും ദിവ്യക്കെതിരെ പ്രതിഷേധക്കാർ മുദ്രാവാക്യം വിളിച്ചു.

എ.ഡി.എമ്മിന്‍റെ ആത്മഹത്യ; പി.പി ദിവ്യക്കെതിരെ തിളച്ചുമറിഞ്ഞ് പ്രതിഷേധം; ജീവനക്കാരടക്കം തെരുവിൽ

1. പി.പി. ദിവ്യയുടെ രാജി ആവശ്യപ്പെട്ട് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കുന്നു 2. ദിവ്യയുടെ കോലം ഓഫീസിനു മുന്നിൽ തൂക്കിയ നിലയിൽ

കണ്ണൂർ കലക്ടറേറ്റിൽ പ്രതിഷേധിച്ച സർക്കാർ ജീവനക്കാർ കലക്ടറെ തടഞ്ഞുവെച്ചു. പൊലീസ് എത്തിയാണ് കലക്ടറെ ഓഫീസിലേക്ക് എത്തിച്ചത്. കലക്ടറേറ്റിന് പുറത്തും ജീവനക്കാർ പ്രതിഷേധ പ്രകടനം നടത്തി.

അതേസമയം, പള്ളിക്കുന്നിലെ ക്വട്ടേഴ്‌സില്‍ നിന്ന് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ നവീൻ ബാബുവിന്‍റെ മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മോർച്ചറിയിൽ സൂക്ഷിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടം നടത്തും. അതേസമയം, ദിവ്യയുടെ ബന്ധു പരിയാരത്ത് ജോലി ചെയ്യുന്നതിനാൽ പോസ്റ്റ്മോർട്ടം ചെയ്യരുതെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. 

നവീൻ ബാബുവിന്‍റെ മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നു

നവീൻ ബാബുവിന്‍റെ മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നു

ഇന്ന് രാവിലെയാണ് കണ്ണൂർ എ.ഡി.എം കെ. നവീൻ ബാബുവിനെ പള്ളിക്കുന്നിലെ കോർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂരിൽ നിന്ന് സ്വദേശമായ പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം ലഭിച്ച നവീൻ ബാബുവിന് ഇന്നലെ കണ്ണൂർ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യാത്രയയപ്പ് നൽകിയിരുന്നു. ഈ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് ഇന്ന് നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടത്.

യാത്രയയപ്പ് യോഗത്തിൽ ക്ഷണിക്കാതെയാണ് പി.പി. ദിവ്യ എത്തിയത്. എ.ഡി.എമ്മിനെക്കുറിച്ച് എല്ലാവരും സംസാരിക്കുന്നതിനിടെ അപ്രതീക്ഷിതമായി കയറിവന്ന ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌, ചെങ്ങളായിയിൽ പെട്രോൾ പമ്പിന് അനുമതി നൽകുന്നത് മാസങ്ങളോളം വൈകിപ്പിച്ച എ.ഡി.എമ്മിന്റെ നടപടിയിൽ വിമർശനം ഉന്നയിച്ചിരുന്നു. സ്ഥലംമാറ്റം വന്നതിനുശേഷം രണ്ടുദിവസം മുമ്പ് അനുമതി നൽകിയെന്നും അത് എങ്ങനെയാ​ണെന്ന് തനിക്കറിയാമെന്നും പറഞ്ഞ ദിവ്യ, രണ്ട് ദിവസത്തിനകം വിവരങ്ങൾ പുറത്തുവിടുമെന്നും പറഞ്ഞിരുന്നു.

പി.പി ദിവ്യക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് വനിത പ്രവർത്തകർ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തു നീക്കുന്നു

പി.പി ദിവ്യക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് വനിത പ്രവർത്തകർ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തു നീക്കുന്നു

ഓരോ ഫയലും ഓരോ ജീവിതമാണെന്ന് സൂചിപ്പിച്ചായിരുന്നു ദിവ്യ പ്രസംഗം തുടങ്ങിയത്. ജില്ല കലക്ടർ അരുൺ കെ. വിജയന്റെ സാന്നിധ്യത്തിലായിരുന്നു ദിവ്യയുടെ പരാമർശം. പ്രസംഗം അവസാനിപ്പിച്ച ദിവ്യ, ഉപഹാരം നൽകുമ്പോൾ നിൽക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ് വേദിവിട്ടു.

പത്തനംതിട്ട മലയാലപ്പുഴ പത്തിശേരി സ്വദേശിയാണ് നവീന്‍ ബാബു. കണ്ണൂരിൽ നിന്ന് സ്വദേശമായ പത്തനംതിട്ടയിലേക്കാണ് നവീൻ ബാബു സ്ഥലംമാറിപ്പോകുന്നത്. ചൊവ്വാഴ്ച പത്തനംതിട്ടയിൽ ചുമതലയേല്‍ക്കാന്‍ ഇരിക്കെയാണ് മരണം. രാത്രി 9 മണിയുടെ ട്രെയിന് പത്തനംതിട്ടക്ക് പോകുമെന്നായിരുന്നു അയല്‍വാസികളോട് പറഞ്ഞിരുന്നത്. രാത്രി ലൈറ്റ് കാണാതിരുന്നപ്പോള്‍ വീട്ടില്‍ നിന്ന് പോയി എന്നാണ് കരുതിയത്. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെ കണ്ണൂരിലെ കോട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!