തലശ്ശേരി: മലിനജലം ഓടയിൽ ഒഴുക്കിയതിന് 25,000 രൂപ പിഴ. തലശ്ശേരി നഗരസഭയുടെതാണ് നടപടി. കടൽപ്പാലത്തിനു സമീപമുള്ള മത്സ്യ മാർക്കറ്റിൽ മലിനജലം പൊതുഓടയിലേക്ക് ഒഴുക്കിവിട്ടതിന് ബറാക്ക അനിമൽ സ്റ്റോറിനാണ് പിഴയിട്ടത്. മൃഗത്തോൽ സംഭരിച്ചു കയറ്റി അയക്കുന്ന സ്ഥാപനമാണിത്.
മാലിന്യ മുക്തം നവകേരളം പ്രവർത്തനങ്ങളുടെ ഭാഗമായി മാലിന്യം പൊതുവഴികളിൽ തള്ളുന്നവർക്കെതിരെ നടപടി കർശനമാക്കിയതായി നഗരസഭാധികൃതർ അറിയിച്ചു. എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ജൈവമാലിന്യം ഉറവിടത്തിൽതന്നെ സംസ്കരിക്കേണ്ടതും അജൈവമാലിന്യങ്ങൾ ഹരിതകർമ സേനക്ക് കൈമാറേണ്ടതുമാണ്.
മലിനജലം സോക് പിറ്റ്, സെപ്റ്റിക് ടാങ്ക്, എസ്.ടി.പി തുടങ്ങിയ സംവിധാനങ്ങളിൽ സംസ്കരിക്കേണ്ടതാണ്. പൊതു ഓടകളിലേക്കോ പൊതുസ്ഥലങ്ങളിലേക്കോ ജലാശയങ്ങളിലേക്കോ മലിനജലം ഒഴുക്കിവിടുന്നവർക്കെതിരെയും പൊതുസ്ഥലങ്ങളിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നവർക്കെതിരെയും കർശന നടപടികളാണ് നഗരസഭ സ്വീകരിച്ചു വരുന്നത്.
ഹോട്ടലുകളിലും തട്ടുകടകളിലും മറ്റു സ്ഥാപനങ്ങളിലും ഡിസ്പോസിബിൾ പ്ലേറ്റുകൾ, ഡിസ്പോസിബിൾ ഗ്ലാസുകൾ, നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകൾ എന്നിവയുടെ ഉപയോഗത്തിനും നഗരസഭ പരിധിയിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പൊതുസ്ഥലങ്ങളിൽ മാലിന്യം കൂടിക്കിടക്കുന്നത് നഗരസഭയുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ പൊതുസ്ഥലങ്ങളും ജലാശയങ്ങളും മലിനമാക്കുന്നവർക്കെതിരെ തെളിവുസഹിതം പരാതി നൽകുവാൻ പൊതു വാട്സ്ആപ് നമ്പറായ 9446700800ലെ സേവനം ജനങ്ങൾക്ക് ഉപയോഗിക്കാം. മാലിന്യം നിക്ഷേപിക്കുന്നവരുടെ ഫോട്ടോ തെളിവുസഹിതം ഹാജരാക്കുന്നവർക്ക് പാരിതോഷികം ലഭിക്കുന്നതാണ്. ഇത്തരത്തിലുള്ള നിയമലംഘനം കണ്ടെത്തുന്നതിനായി പരിശോധനകൾ നഗരസഭ സ്ക്വാഡ് നടത്തുന്നതും പ്രൊസിക്യൂഷൻ, പിഴ ഈടാക്കൽ, സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കൽ തുടങ്ങിയ കർശനമായ നടപടികൾ സ്വീകരിക്കുന്നതാണ്. നഗരം മാലിന്യ മുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് എല്ലാവരുടെയും പിന്തുണയും സഹകരണവും ഉണ്ടാവണമെന്ന് നഗരസഭാധികൃതർ അഭ്യർഥിച്ചു.