ചെറുപുഴ: ചെറുപുഴ പഞ്ചായത്തിലെ പ്രാപ്പൊയില്‍ എയ്യന്‍കല്ല് ഭാഗത്ത് കരടിയെന്നു കരുതുന്ന ജീവിയെ കണ്ടതായി പ്രദേശവാസികള്‍. ബുധനാഴ്ച രാവിലെ പത്തോടെയാണ് സംഭവം. എയ്യന്‍കല്ല് രയരോം റോഡിനോട് ചേര്‍ന്നു താമസിക്കുന്ന തൂമ്പുക്കല്‍ കുര്യന്റെ വീടിനു സമീപത്ത് ഒരു ജീവിയെ ആദ്യം കണ്ടത് കുര്യന്റെ ഭാര്യയാണ്. വീട്ടിലുണ്ടായിരുന്ന കുര്യനെ വിളിച്ചുവരുത്തുകയും ഇവരുടെ ശബ്ദം കേട്ട് ജീവി സമീപത്തെ കാടുപിടിച്ചുകിടക്കുന്ന കുന്നിന്മുകളിലേക്ക് കയറിപ്പൊയെന്നുമാണ് ഇവർ പറഞ്ഞത്. നാട്ടുകാരായ ചെറുപ്പക്കാര്‍ സംഘടിച്ച് പ്രദേശത്തെല്ലാം തിരച്ചില്‍ നടത്തി.
എന്നാല്‍, ഏതെങ്കിലും വന്യജീവിയുടെ സാന്നിധ്യം ഇവര്‍ക്ക് കണ്ടെത്താനായില്ല. നാട്ടുകാര്‍ വിവരം നല്‍കിയതനുസരിച്ച് വനപാലക സംഘം സ്ഥലത്തെത്തി. തളിപ്പറമ്പ ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ പി. രതീശന്റെ നേതൃത്വത്തിലെത്തിയ വനപാലകര്‍ തിരച്ചില്‍ നടത്തി. എന്നാല്‍, വന്യജീവിയുടെ സാന്നിധ്യം കണ്ടെത്താനായില്ല. എയ്യന്കല്ലിന്റെ മറ്റൊരുഭാഗത്ത് ചെറുപുഴ പൊലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിലും തിരിച്ചില്‍ നടത്തിയിരുന്നു. ഏതാനും മാസം മുമ്പ് പ്രാപ്പൊയിലിലും പരിസര പ്രദേശങ്ങളിലും ബ്ലാക്ക് മാനെന്ന പേരില്‍ അജ്ഞാതന്‍ ആളുകളെ ഭയപ്പെടുത്തിയ സംഭവമുണ്ടായിരുന്നു.