ഉരുവച്ചാൽ: ലോകത്തിലെ ഏറ്റവും ഉയരമുള്ള പാത ബൈക്കിൽ കീഴടക്കി ഉരുവച്ചാൽ സ്വദേശികളായ സുഹൃത്തുക്കൾ. ഉരുവച്ചാൽ ശിവപുരം സ്വദേശികളായ മിഹാദ്, മുബഷിർ, ഉരുവച്ചാൽ മണക്കായിലെ അഫ്സൽ, കാസർകോട് പൊവ്വൽസ്വദേശി മുഹമ്മദ് റാഫി എന്നിവരാണ് 19,024 അടി ഉയരത്തിലുള്ള ലഡാക്കിലെ ഉംലിങ് ലാ മേഖലയിലെത്തിയത്.
സെപ്റ്റംബർ ഏഴിനാണ് നാലുപേരും ശിവപുരത്തുനിന്ന് യാത്ര തുടങ്ങിയത്. കേരളത്തിൽനിന്ന് പുറപ്പെട്ട് ഇന്ത്യയുടെയും നേപ്പാളിന്റെയും സംസ്ഥാന നഗരിയും കാണുകയായിരുന്നു ലക്ഷ്യം. മൗണ്ട് എവറസ്റ്റ് ബേസ് ക്യാമ്പിനെക്കാള്‍ ഉയരമുള്ള, ഓക്സിജന്റെ അളവ് 43 ശതമാനവും താപനില മൈനസ് രണ്ട് ഡിഗ്രിയിലും താഴെയുള്ള ഭാഗത്താണ് നാലും പേരും ബൈക്കിലും സ്കൂട്ടറിലുമായി എത്തിയത്. ഉംലിങ് ലാ മേഖലയിലാണ് ഏറ്റവും ഉയരത്തിലുള്ള വാഹന ഗതാഗതമായ റോഡുള്ളത്. ചിഷുംലെയെ ഡെംചോക്കിനെ ബന്ധിപ്പിക്കുന്ന 27 കി.മീറ്റര്‍ റോഡാണിത്. ഇത് യഥാര്‍ഥ നിയന്ത്രണ രേഖയിലാണ്. ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷത്തിന്റെ പ്രധാന മേഖലയിലാണ്. 70 ദിവസമായി തുടങ്ങിയ യാത്രയിൽ ടെന്റ് കെട്ടിയും മുറി വാടകക്കെടുത്തുമാണ് വിശ്രമം.