കണ്ണൂർ: തെരുവുനായയെ കണ്ട് ഭയന്നോടിയ കുട്ടി ആൾമറയില്ലാത്ത കിണറ്റിൽ വീണ് മരിച്ചു. കണ്ണൂർ തുവ്വക്കുന്ന് സ്വദേശി മുഹമ്മദ് ഫസൽ (ഒമ്പത് വയസ്) ആണ് മരിച്ചത്. ഓടുന്നതിനിടെ ആൾമറയില്ലാത്ത കിണറ്റിൽ കുട്ടി വീഴുകയായിരുന്നു.
തുവ്വക്കുന്ന് ചേലക്കാട് പള്ളിക്ക് സമീപം കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെയാണ് സംഭവം. വൈകിട്ട് അഞ്ചരയോടെ കളിക്കുന്നതിനിടെ തെരുവുനായയെ കണ്ട് ഫസലടക്കമുള്ള കുട്ടികൾ ചിതറിയോടി.
സമീപത്തുള്ള പറമ്പിലൂടെയാണ് കുട്ടികളോടിയത്. പിന്നീട് കുട്ടി എങ്ങോട്ട് പോയെന്ന് മനസിലായില്ല. തുടർന്ന് നടത്തിയ തിരച്ചിലിനെടുവിൽ സമീപത്തെ ആൾതാമസമില്ലാത്ത പറമ്പിലെ കിണറ്റിൽ നിന്നും രാത്രി ഏഴരയോടെയാണ് ഫസലിനെ കണ്ടെത്തിയത്.
കുന്നത്തുപറമ്പ് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിലാണ് സംഭവം നടന്നത്. ആൾമറയില്ലാത്ത കിണറ്റിൽ നിന്ന് അഗ്നിരക്ഷാസേന കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുവ്വക്കുന്ന് എൽ.പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ് മുഹമ്മദ് ഫസൽ.