
അടക്കാത്തോട്ടിലെ ചാപ്പത്തോട് വരണ്ടുതുടങ്ങിയ നിലയിൽ
കേളകം: അടക്കാത്തോടിന് സമീപം ജനവാസ കേന്ദ്രത്തിലെ ചാപ്പത്തോട് അടക്കമുള്ള ചെറുതോടുകൾ വരണ്ടുതുടങ്ങി. കുടിവെള്ള ക്ഷാമത്തിനു പരിഹാരം കാണാനായി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ പുഴകളിൽ ജനകീയ തടയണകൾ നിർമിച്ചിരുന്നെങ്കിലും ഈ പ്രദേശത്തു തടയണകൾ നിർമിക്കാൻ ആളില്ലാത്ത അവസ്ഥയാണ്.
മുൻ വർഷങ്ങളിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി തടയണകൾ നിർമിച്ചെങ്കിലും ഇക്കൊല്ലം അത്തരം പദ്ധതികൾ ഉണ്ടായില്ല. അടക്കാത്തോട്ടിന് സമീപം ജനവാസ കേന്ദ്രത്തിലെ ചാപ്പത്തോട് വരണ്ട് തുടങ്ങിയിട്ടും തടയണകൾ നിർമിക്കുന്നതിൽ വൈമുഖ്യമാണ് പ്രകടമാകുന്നത്. പഞ്ചായത്തിലെ അഞ്ച്, ആറ്, ഏഴ്, എട്ട് വാർഡ് പരിധിയിൽ വരുന്ന തോട്ടിൽ തടയണ നിർമിച്ചില്ലെങ്കിൽ വരൾച്ച അതിരൂക്ഷമാകുമെന്നാണ് ആശങ്ക.