
മട്ടന്നൂർ വിമാനത്താവളത്തിലെത്തിയ ഡോ. റാഷിദ് അബ്ദുല്ലയെയും കുടുംബത്തെയും കെ.പി.മോഹനൻ എം.എൽ.എയുടെ നേതൃത്വത്തിൽ സ്വീകരിക്കുന്നു
പാനൂർ: പഹൽഗാം ഭീകരാക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട പാനൂരിലെ ഹോമിയോ ഡോക്ടർ റാഷിദ് അബ്ദുല്ലയും കുടുംബവും നാട്ടിലെത്തി. വ്യാഴാഴ്ച രാത്രി 12 മണിയോടെയാണ് ഡോ. അബ്ദുല്ല, ഭാര്യ ഡോ. ഹബീബ, മക്കളായ ഷസിൻ ഷാൻ, ഹെവിൻ ഷാൻ എന്നിവർ കണ്ണൂർ വിമാനത്താവളത്തിലിറങ്ങിയത്. കെ.പി. മോഹനൻ എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.പി. യൂസഫ്, കെ.വി. ഇസ്മായിൽ, ടി. റഹൂഫ് എന്നിവരുടെ നേതൃത്വത്തിൽ വിമാനത്താവളത്തിൽ ഇവരെ സ്വീകരിച്ചു. കശ്മീരിൽ വിനോദയാത്രക്കിടെയാണ് ഡോക്ടറും കുടുംബവും പഹൽഗാമിലെത്തിയത്.
ഇത് രണ്ടാം ജന്മമാണെന്ന് ഇവർ പറഞ്ഞു. പൂക്കോം അൽശിഫ ഹോമിയോ ക്ലിനിക്ക് ഉടമയായ പാനൂർ സ്വദേശി ഡോക്ടര്‍ റാഷിദ് അബ്ദുല്ല കുടുംബത്തോടൊപ്പം കഴിഞ്ഞ 19 നാണ് ശ്രീനഗറിലെത്തിയത്. അവിടെ നിന്ന് 21ന് ഉച്ചക്ക് രണ്ട് മണിയോടെ പഹൽഗാമിലെത്തി. ഏതാനും മണിക്കൂറുകൾ അവിടെ ചെലവഴിക്കുമ്പോഴാണ് വെടിയൊച്ചയും കൂട്ട കരച്ചിലും കേട്ടത്. ഒടുവില്‍ പൈന്‍ഫോറസ്റ്റില്‍ ഫോട്ടോയെടുക്കാനുള്ള തീരുമാനം വേണ്ടന്ന് വെച്ചതാണ് ഇവര്‍ക്ക് തുണയായത്. അതേ സമയം സംശയാസ്പദമായ സാഹചര്യത്തില്‍ രണ്ടു പേരെ പ്രദേശത്ത് കണ്ടതായും ഇവര്‍ പറഞ്ഞു. ശബ്ദം കേട്ടയുടന്‍ ജീവനും കൊണ്ട് ഓടുകയായിരുന്നു.