ഇരിട്ടി: ആറളം പഞ്ചായത്തിലെ വീർപ്പാട് സ്വകാര്യ ഫാമിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ കർണാടക അതിർത്തിയിൽ കിളിയന്തറയിലെ മൃഗസംരക്ഷണ ചെക്പോസ്റ്റിൽ ഉൾപ്പെടെ കർശന പരിശോധന. വീർപ്പാടിന് ചുറ്റുമുള്ള 10 കിലോമീറ്റർ പ്രദേശത്ത് പന്നിയിറച്ചിയുടെ കയറ്റുമതിയും വിൽപനയും നിരോധിച്ചുള്ള കലക്ടറുടെ ഉത്തരവ് പ്രാവർത്തികമാക്കുന്നുണ്ടോ എന്നുള്ള പരിശോധനയും അധികൃതർ ശക്തമാക്കിയിട്ടുണ്ട്.
രോഗം സ്ഥിരീകരിച്ച ആറളത്ത് പൊലീസ്, മൃഗസംരക്ഷണ വകുപ്പ്, ആരോഗ്യവകുപ്പ്, കെ.എസ്.ഇ.ബി, റവന്യൂ വകുപ്പ്, അനുബന്ധ വകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെടുന്ന ടീം രൂപവത്കരിച്ചാണ് ജാഗ്രത പ്രവർത്തനങ്ങൾ നടത്തുന്നത്. കിളിയന്തറയിൽ മൃഗസംരക്ഷണ വകുപ്പിന്റെ ചെക്പോസ്റ്റിൽ മുഴുവൻ സമയവും പരിശോധന നടത്തുന്നുണ്ട്.
ഇവർക്ക് പുറമേ കൂട്ടുപുഴയിലെ പൊലീസ് ചെക്പോസ്റ്റ് ഉൾപ്പെടെ കർണാടകയിൽനിന്ന് കേരളത്തിലേക്ക് പന്നിയിറച്ചി എത്തുന്നുണ്ടോ എന്നും ഇവിടെനിന്ന് അങ്ങോട്ടേക്ക് കൊണ്ടുപോകുന്നുണ്ടോ എന്നും പരിശോധന നടത്താൻ നിർദേശമുണ്ട്. കഴിഞ്ഞ മാസം 27നാണ് ആറളം പഞ്ചായത്തിലെ വീർപ്പാടുള്ള സ്വകാര്യ ഫാമിൽ പന്നികൾ ചത്തുവീണത്.
സംശയം തോന്നിയ ഉടമ ആവശ്യപ്പെട്ടതനുസരിച്ച് ജില്ലയിൽ നിന്നുള്ള വിദഗ്ധസംഘമെത്തി പോസ്റ്റ്മോർട്ടം നടത്തുകയും സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു. സാമ്പിളുകളുടെ പരിശോധന ഫലം വരുന്നതുവരെ വിൽപനയും മറ്റും പാടില്ലെന്ന് നിർദേശം നൽകിയിരുന്നു. എട്ടിന് ബംഗളൂരുവിൽനിന്ന് പരിശോധനഫലം ലഭിച്ചതോടെയാണ് ആഫ്രിക്കൻ പന്നിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്.
ഇതോടെ ജില്ലയിൽ നിന്നുള്ള സംഘം ഫാമിൽ എത്തിയെങ്കിലും മുഴുവൻ പന്നികളും ചത്തതിനാൽ അണുനശീകരണം നടത്തി മടങ്ങുകയാണ് ചെയ്തത്. ഈ ഫാമിൽ നിന്നും മറ്റു ഫാമുകളിലേക്ക് പന്നികളെ കൊടുക്കുകയോ ഇറച്ചി വിൽപന നടത്തുകയോ ചെയ്തിട്ടുണ്ടോ എന്നും പരിശോധിച്ച് റിപ്പോർട്ട് നൽകാൻ നിർദേശിച്ചിട്ടുണ്ട്. തന്റെ ഏക ഉപജീവനമാർഗമാണ് നഷ്ടമായതെന്ന് ഫാം ഉടമ സ്കറിയ പറഞ്ഞു. വിവിധ ബാങ്കുകളിലായി ലക്ഷക്കണക്കിന് രൂപയുടെ കടമുണ്ട്. ജപ്തി നോട്ടീസും കൈയിലുണ്ട്. ഗർഭിണികളായ പന്നികളടക്കം 30 പന്നികളാണ് ഫാമിൽ ഉണ്ടായിരുന്നത്.
രോഗം സ്ഥിരീകരിച്ച ആറളത്തെ വീർപ്പാടിന് 10 കി.മീ ചുറ്റളവിൽ പന്നിമാംസം വിതരണം, വിൽപന നടത്തുന്ന കടകളുടെ പ്രവർത്തനം, പന്നികളെ ജില്ലയിലെ മറ്റ് പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും മറ്റ് പ്രദേശങ്ങളിൽ നിന്ന് നിരീക്ഷണ മേഖലയിലേക്ക് കൊണ്ടുവരുന്നതും മൂന്ന് മാസത്തേക്ക് നിരോധിച്ചിട്ടുണ്ട്. അന്യസംസ്ഥാനത്തുനിന്നും രോഗം ബാധിച്ച പന്നി ജില്ലയിലേക്ക് കടത്തിയാൽ കർശന നടപടി. ജില്ലയിലെ പന്നിക്കർഷകർ രണ്ട് ശതമാനം വീര്യമുള്ള ബ്ലീച്ചിങ് പൗഡർ ലായനി ഉപയോഗിച്ച് കൂടും പരിസരവും അണുവിമുക്തമാക്കണം.
ഫോർമലിൻ മൂന്ന് മില്ലി ഒരുലിറ്റർ വെള്ളത്തിൽ എന്ന തോതിൽ നേർപ്പിച്ച് ടയർ ഡിപ്പ്, ഫുട്ട് ഡിപ്പ് എന്നീ ആവശ്യങ്ങൾക്കായി ഉപയോഗിക്കണം. ഒരുശതമാനം വീര്യമുള്ള പൊട്ടാസ്യം പെർമാംഗനേറ്റ് ലായനി ഫാമിലെ തൊഴിലാളികൾക്ക് കൈ കാലുകൾ അണുവിമുക്തമാക്കാനായി ഉപയോഗിക്കണം. സന്ദർശകരെ അനുവദിക്കരുത്. ഫാമിൽ ജൈവസുരക്ഷ കർശനമായി നടപ്പാക്കണം