Sun. Nov 24th, 2024

ടെലിഫോൺ എക്‌സ്‌ചേഞ്ച് കേന്ദ്രീകരിച്ച് മോഷണം; ഒരാൾ കൂടി അറസ്റ്റിൽ

ടെലിഫോൺ എക്‌സ്‌ചേഞ്ച് കേന്ദ്രീകരിച്ച് മോഷണം; ഒരാൾ കൂടി അറസ്റ്റിൽ

ഇരിട്ടി: ജില്ലയിലെ ടെലിഫോൺ എക്സ്‌ചേഞ്ചുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ കേസിൽ കൂട്ടുപ്രതിയെ ബംഗളൂരുവിൽ നിന്ന് ഇരിട്ടി പൊലീസ് അറസ്റ്റുചെയ്തു. ബംഗളൂരു ഫാറുഖിയ നഗറിലെ സെബിയുല്ലയെയാണ് (35) ഇരിട്ടി സി.ഐ പി.കെ. ജിജേഷും സംഘവും പിടികൂടിയത്. പൂട്ടിക്കിടന്ന ബി.എസ്.എൻ.എൽ കിളിയന്തറ എക്സ്‌ചേഞ്ചിൽ നിന്ന് വിലപിടിപ്പുള്ള ചിപ്പുകൾ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. ഫെബ്രുവരി 26നാണ് പ്രതികൾ മോഷണം നടത്തിയത്.

സി.സി.ടി.വിയും ടവർ ലൊക്കേഷനും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ഒന്നാം പ്രതി ചാന്ദ്പാഷയെ (44) കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. പ്രതിയെ തെളിവെടുപ്പിനായി ബംഗളൂരുവിൽ എത്തിച്ചപ്പോഴാണ് കൂട്ടുപ്രതി സെബിയുല്ല പിടിയിലാകുന്നത്.

മോഷണം പോയ ചിപ്പുകൾ മുഴുവനായി കണ്ടെടുക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. കണ്ടെടുക്കാനുള്ള ബാക്കി ചിപ്പുകൾ മറ്റൊരാൾക്ക് മറിച്ചുവിറ്റതായാണ് പ്രതി മൊഴി നൽകിയത്. കേസിലെ മറ്റൊരു പ്രതിയായ സുലൈമാനെയും ഇവർ മോഷണത്തിനായി ഉപയോഗിച്ച വാഹനവും ബാക്കി ചിപ്പിനുമായുള്ള അന്വേഷണവും പൊലീസ് തുടരുകയാണ്.

സെക്യൂരിറ്റി ജീവനക്കാർ ഇല്ലാത്ത ടെലിഫോൺ എക്‌സ്‌ചേഞ്ചുകൾ തിരഞ്ഞെടുത്താണ് ഇവർ മോഷണം നടത്തിയത്. ഇരിട്ടി പൊലീസ് സ്റ്റേഷൻ പരിധിയിലെ കിളിയന്തറയിലും മട്ടന്നൂർ സ്റ്റേഷൻ പരിധിയിലെ ഉളിയിൽ, ആലക്കോട്, തേർത്തല്ലി എക്‌സ്ചേഞ്ചിലുമാണ് മോഷണം നടന്നത്. എസ്.ഐ വി.കെ. പ്രകാശൻ, സി.പി.ഒമാരായ പ്രവീൺ, ബിനീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ റിമാൻഡ് ചെയ്തു.

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!