
തലശ്ശേരി: മാതാപിതാക്കളുടെ മുന്നിൽ വെച്ച് മകനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനെന്ന് അഡീഷനൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി (രണ്ട്) ജഡ്ജി ടിറ്റി ജോർജ് കണ്ടെത്തി.
തിമിരി ചെക്കിച്ചേരിയിലെ ലോറി ഡ്രൈവർ ശരത്കുമാറിനെ (28) കൊലപ്പെടുത്തിയ കേസിൽ അയൽവാസിയായ പുത്തൻപുരക്കൽ ജോസ് ജോർജ് എന്ന കൊല്ലൻ ജോസാണ് പ്രതി. ഐ.പി.സി 302ാം വകുപ്പ് പ്രകാരം കുറ്റക്കാരനായി കണ്ടെത്തിയ പ്രതിയുടെ ശിക്ഷയിന്മേലുള്ള വാദം കേട്ട ശേഷം വിധി പറയാനായി ബുധനാഴ്ചത്തേക്ക് മാറ്റി.
2015 ജനുവരി 27ന് രാത്രി 10 നാണ് കേസിനാധാരമായ സംഭവം. മാതാപിതാക്കളായ കുളമ്പുകാട്ടിൽ രാജന്റെയും ശശികലയുടെയും മുന്നിൽ വെച്ച് ശരത്കുമാറിനെ അയൽവാസിയായ പുത്തൻപുരക്കൽ ജോസ് ജോർജ് കുത്തി കൊലപ്പെടുത്തുകയായിരുന്നു. രാജന്‍റെ കുടുംബം പ്രതി ജോസിന്‍റെ വീട്ടിലെ കിണറ്റിൽ നിന്നായിരുന്നു മോട്ടോർ ഉപയോഗിച്ച് കുടിവെള്ളമെടുത്തിരുന്നത്.
ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പൊലീസ് ഓഫിസർമാരായ കെ. വിനോദ്‌കുമാർ, കെ.എ. ബോസ്, എ.വി. ജോൺ എന്നിവരാണ് കേസന്വേഷിച്ചത്. പ്രോസി ക്യൂഷന് വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ വി.എസ്. ജയശ്രീയും പ്രതിഭാഗത്തിനു വേണ്ടി അഡ്വ. ടി.പി. സജീവനുമാണ് ഹാജരായത്.