
പയ്യന്നൂർ: സർക്കാർ സംരക്ഷിത പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഉൾപ്പെടുത്തിയ ഇരുതലമൂരി എന്നറിയപ്പെടുന്ന സാൻബോയുടെ കൈമാറ്റവുമായി ബന്ധപ്പെട്ട് മറിയുന്നത് ലക്ഷങ്ങൾ. വിപണിയിൽ 50 ലക്ഷം വരെ വില ലഭിക്കുന്ന കച്ചവടത്തിന് പിന്നിൽ ആന്ധ്രയുമായി ബന്ധമുള്ള വൻ മാഫിയകൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് വനംവകുപ്പിന് ലഭിക്കുന്ന വിവരം.
കൂടുതലും മന്ത്രവാദികളും കൂടോത്രക്കാരുമാണ് പ്രധാന ഉപഭോക്താക്കൾ. വെള്ളിമൂങ്ങയെ പോലെ ഇവയെയും പ്രദർശിപ്പിച്ച് മന്ത്രവാദം നടത്തിയാൽ കൂടുതൽ ഫലപ്രദമാണെന്ന് വിശ്വസിപ്പിച്ചാണ് കച്ചവടമുറപ്പിക്കുന്നത്.
കഴിഞ്ഞ ദിവസം ഇരുതലമൂരിയെ പയ്യന്നൂരിലെത്തിച്ചത് മന്ത്രവാദികൾക്ക് കൈമാറാനാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിൽ പ്രതികൾ വെളിപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് പയ്യന്നൂർ പുതിയ ബസ് സ്റ്റാൻഡിന് സമീപം നാലര കിലോയോളം തൂക്കവും 60 സെ.മി നീളവുമുള്ള ഇരുതലമൂരിയുമായി ആന്ധ്ര സ്വദേശികളായ രണ്ടു പേരുൾപ്പെടെ അഞ്ചുപേരെ തളിപ്പറമ്പ് റേഞ്ച് ഫോറസ്റ്റ് ഓഫിസർ സനൂപ് കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പിടിയിലായ തൃക്കരിപ്പൂർ പുളുക്കുൽ ഹൗസിൽ ടി.പി. പ്രദീപൻ (49) 2020 ലും ഇരുതലമൂരിയെ കടത്താൻ ശ്രമിച്ച കേസിലെ പ്രതിയാണെന്നും ആ കേസ് ഇപ്പോഴും നടക്കുന്നുണ്ടെന്നും
വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. 10 ലക്ഷത്തിൽ തുടങ്ങി 25 ലക്ഷത്തിനാണ് കച്ചവടമുറപ്പിച്ചത്.
മന്ത്രവാദികൾക്ക് നൽകിയാൽ 40 മുതൽ 50 ലക്ഷം രൂപ വരെ ഇതിന് വില ലഭിക്കുമത്രെ. പ്രദീപന് പുറമേ ചെറുവത്തൂർ പിലിക്കോട് മട്ടലായിയിലെ എം. മനോജ് (30), വെള്ളൂർ പഴയ തെരുവിലെ അണക്കൂർ പുരയിൽ കെ. അഭിഷേക് (39), ആന്ധ്ര ചിത്തൂർ ജില്ലയിലെ തോട്ടി ഹൗസിൽ സി.എം. കണ്ടിഗയിലെ ടി. നവീൻ (35), ചിത്തൂർ പുത്തലപ്പട്ട കലിമിടിയിലെ കെ. ചന്ദ്രശേഖർ (37) എന്നിവരാണ് വനംവകുപ്പിന്റെ പിടിയിലായത്.
പയ്യന്നൂരിൽ പിടിയിലായ പ്രതികൾ ഇപ്പോൾ റിമാൻഡിലാണ്. ഇവർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം നടത്താനുള്ള തയാറെടുപ്പിലാണ് വനംവകുപ്പ്.