കണ്ണപുരം (കണ്ണൂർ): കണ്ണപുരത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് പെരുന്നാൾ അവധിക്ക് നാട്ടിലേക്ക് പോകുകയായിരുന്ന ബൈക്ക് യാത്രികനായ വിദ്യാർഥി മരിച്ചു. സുഹൃത്തിന് ഗുരുതരപരിക്ക്.
കാസർകോട് മധൂർ അറന്തോട് സ്വദേശി, പുത്തൂർ കട്ടത്തടുക്ക മുഹിമത്ത് നഗറിൽ താമസിക്കുന്ന അബൂബക്കർ സിദ്ദീഖാണ് (20) മരിച്ചത്. ഇദ്ദേഹത്തിന്റെ സുഹൃത്ത് മലപ്പുറം കോട്ടക്കൽ പൊൻമല ചപ്പനങ്ങാടി പാലാ ഹൗസിൽ പി. മുഹമ്മദ് അൻസാറിനാണ് (20) ഗുരുതര പരിക്കേറ്റത്. ഇദ്ദേഹത്തെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു.
കെ.എസ്.ടി.പി റോഡിൽ കണ്ണപുരം സ്റ്റേഷന് സമീപം വ്യാഴാഴ്ച രാവിലെ 8.15നാണ് അപകടം. ഇരുവരും മലപ്പുറത്ത് മുഅല്ലിമീൻ കോഴ്സിന് പഠിക്കുകയാണ്. പെരുന്നാൾ അവധിക്ക് ഇരുവരും കാസർകോട്ടേക്ക് പോകുന്നതിനിടയിലാണ് അപകടം. അബൂബക്കർ സിദ്ദീഖും കൂട്ടുകാരനും സഞ്ചരിച്ച കെ.എൽ 53 എഫ് 1412 ഹീറോ ഗ്ലാമർ ബൈക്കും കെ.എ 01 സി 0634 ചരക്കുലോറിയുമാണ് കൂട്ടിയിടിച്ചത്.
ബൈക്ക് യാത്രക്കാർ പഴയങ്ങാടി ഭാഗത്തേക്ക് പോവുകയായിരുന്നു. കമ്പി കയറ്റി കണ്ണൂർ ഭാഗത്തേക്ക് വരുകയായിരുന്നു ലോറി. ഇടിയേറ്റ് ബൈക്കിലുണ്ടായിരുന്നവർ 10 മീറ്ററോളം ദൂരേക്ക് തെറിച്ചുവീണു. ബൈക്കിന്റെ ഒരു ടയറും തെറിച്ചു പോയി. ബൈക്ക് പൂർണമായും തകർന്നു. സംഭവസ്ഥലത്തുതന്നെ അബൂബക്കർ സിദ്ദീഖ് മരിച്ചിരുന്നു. ഇയാളുടെ ഇടതുകാൽ അറ്റുവീണ നിലയിലാണ്. ഇരു കൈകളും ചതഞ്ഞു. പള്ളിച്ചാൽ പള്ളിയുടെ ആംബുലൻസെത്തിയാണ് അബൂബക്കർ സിദ്ദീഖിന്റെ മൃതദേഹവും അൻസാറിനെയും ചെറുകുന്ന് ആശുപത്രിയിലേക്ക് മാറ്റിയത്.
പ്രഥമ ശുശ്രൂഷക്ക് ശേഷമാണ് അൻസാറിനെ മെഡി. കോളജിലേക്ക് കൊണ്ടുപോയത്. അറന്തോടിലെ മുഹമ്മദ് ഹാജി-സഫിയ ദമ്പതികളുടെ മകനാണ് അബൂബക്കർ സിദ്ദീഖ്. സഹോദരങ്ങൾ: ഷബീർ, ജാഫർ, ജുനൈദ്, ഫാറൂഖ്.