ശ്രീകണ്ഠപുരം: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി പഴയങ്ങാടി നെരുവമ്പ്രം സ്വദേശികളായ മൂന്ന് യുവാക്കളെ ലഹരിവിരുദ്ധ സ്ക്വാഡിന്റെ സഹായത്തോടെ ശ്രീകണ്ഠപുരം പൊലീസ് എസ്.എച്ച്.ഒ ഇൻസ്പെക്ടർ ടി.കെ. മുകുന്ദന്റെ നേതൃത്വത്തില്‍ പിടികൂടി. നെരുവമ്പ്രം സ്വദേശികളായ എം.പി. ഷംസീര്‍ (29), എ.ടി. ജസീല്‍ (26), കെ.വി. അജ്മല്‍ (30) എന്നിവരെയാണ് അറസ്റ്റുചെയ്തത്.ഇ വരില്‍നിന്ന് 4.842 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ഇവര്‍ സഞ്ചരിച്ച കെ.എല്‍ 57 കെ 2746 കാറും മൂന്ന് മൊബൈല്‍ ഫോണും കസ്റ്റഡിയിലെടുത്തു. ഷംസീറും അജ്മലും ഗള്‍ഫുകാരാണ്. ഷംസീര്‍ മൂന്നുമാസം മുമ്പാണ് അവധിക്ക് നാട്ടിലെത്തിയത്. അജ്മല്‍ അടുത്ത കാലത്തും എത്തി.
ലോക്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനോടനുബന്ധിച്ച് വ്യാപകമായി മയക്കുമരുന്ന് കടത്താന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പിനെത്തുടര്‍ന്ന് ദിവസങ്ങളായി ജില്ലയില്‍ റൂറല്‍ ജില്ല പൊലീസ് മേധാവി എം. ഹേമലതയുടെ നിര്‍ദേശ പ്രകാരം വാഹന പരിശോധന നടത്തിവരുകയായിരുന്നു.
തളിപ്പറമ്പില്‍നിന്ന് ശ്രീകണ്ഠപുരം ഭാഗത്തേക്ക് മയക്കുമരുന്നുമായി യുവാക്കള്‍ കാറില്‍ വരുന്നുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് കഴിഞ്ഞദിവസം രാത്രി 8.20ഓടെ ചെങ്ങളായി മുക്കാടത്ത് വാഹനം തടയുകയായിരുന്നു. പരിശോധനയിലാണ് കാറിനകത്തുനിന്ന് എം.ഡി.എം.എ കണ്ടെടുത്തത്. നേരത്തെയും സംഘം മയക്കുമരുന്ന് കടത്താറുണ്ടെങ്കിലും ഇതുവരെ പിടിയിലായിരുന്നില്ല. ശ്രീകണ്ഠപുരം, ചെങ്ങളായി ഭാഗങ്ങളില്‍ ഇവര്‍ക്ക് ഏജന്റുമാരുണ്ടത്രെ. മംഗളൂരുവിൽനിന്ന് കൊണ്ടുവന്ന എം.ഡി.എം.എ വിൽക്കാൻ കൊണ്ടുവരുകയായിരുന്നു സംഘം. ശ്രീകണ്ഠപുരം എസ്.ഐ എം. സുജിലേഷ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. പയ്യാവൂര്‍ എസ്.എച്ച്.ഒ ഇൻസ്പെക്ടർ കെ.ആര്. രഞ്ജിത്ത് പ്രതികളുടെ ദേഹപരിശോധന നടത്തി. എ.എസ്.ഐ സി.പി. സജിമോന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ സി.വി. രജീഷ്, സി.പി.ഒ വിനോദ്കുമാര്‍ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.