പയ്യന്നൂർ: നൂറു പൂക്കളേ, നൂറു നൂറു പൂക്കളേ… ജനപക്ഷത്തുനിന്ന് ആസ്വാദകർക്ക് ആവേശത്തിന്റെ ഗാനമലരുകൾ സമ്മാനിക്കുന്ന പുതിയ കാലത്തിന്റെ ജനകീയ ഗായകൻ അലോഷി പിന്നെങ്ങനെ സ്വന്തം മകന് പേരിടാതിരിക്കും? അതെ, ലോകത്തിന്റെ നൊമ്പരമായി മാറിയ ‘ഗസ്സ’യെന്ന പേര് മകനു നൽകി ഗായകൻ തന്റെ നിലപാട് വേദനയനുഭവിക്കുന്നവർക്കൊപ്പവും നീതിയുടെ പക്ഷത്തുമാണെന്ന് ഒരിക്കൽകൂടി വ്യക്തമാക്കുകയാണ്.
ഏറെ ജനപ്രിയനായ ഗായകൻ അലോഷിക്ക് സംഗീതവഴിയിലും ജീവിതത്തിലും കൃത്യമായ നിലപാടുണ്ട്. ഈ നിലപാടിന്റെ ഒടുവിലത്തെ അടയാളപ്പെടുത്തലാണ് രണ്ടാമത്തെ കുഞ്ഞിന് നൽകിയ ഗസ്സയെന്ന പേര്. ഇസ്രായേൽ ആക്രമണത്തിൽ ഇരകളാകുന്ന ഗസ്സയിലെ നിരപരാധികളായ കുഞ്ഞുങ്ങളോട് ഐക്യദാർഢ്യമാണ് ഈ പേരെന്ന് അലോഷി പ്രഖ്യാപിച്ചത് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ്.
‘എനിക്കും ജിഷക്കും ഒരു ആൺകുഞ്ഞ് പിറന്നു. അവനെ ഞങ്ങൾ ഗസ്സ (GAZA) എന്ന് വിളിക്കുന്നു. ഒരായിരം നിഷ്കളങ്ക ബാല്യങ്ങളുടെ ചോരവീണ് പൊള്ളിയ മണ്ണിന്റെ പേരാണ് അവന്…’ എന്നായിരുന്നു കുറിപ്പ്. നിരവധി പേരാണ് ഈ തീരുമാനത്തോട് പോസിറ്റിവായി പ്രതികരിച്ചത്.
പയ്യന്നൂരിലെ ലൂയിസ് മാസ്റ്ററുടെയും റോസ്ലിന്റെയും മകനാണ് അലോഷി. ഭാര്യ: ജിഷ. ആദം അലോഷിയാണ് മൂത്ത മകൻ. അടുത്തിടെ തിയറ്ററുകളിലെത്തിയ രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ എന്ന ചിത്രത്തിൽ ഉൾപ്പെടെ പാടിയ അലോഷി ചലച്ചിത്ര പിന്നണി ഗാനരംഗത്തു സജീവമാണ്. എന്നാൽ, അലോഷിയുടെ ഗസലുകളും വിപ്ലവഗാനങ്ങളുമാണ് ആസ്വാദക മനസ്സിൽ ചിരപ്രതിഷ്ഠ നേടിയത്.