പയ്യന്നൂർ: രണ്ടു മീറ്ററിലധികം നീളവും 20.5 കിലോ ഭാരവുമുള്ള മരച്ചീനി വിളവെടുത്ത് റിട്ട. എൻജിനീയർ. വിളയാങ്കോട് താമസിക്കുന്ന കെ.കെ. പത്മനാഭൻ നമ്പ്യാരാണ് നീണ്ട മരച്ചീനി വിളവെടുത്തത്.
ഹോങ്കോങ് ഷിപ്പിങ് കമ്പനിയിൽനിന്ന് ചീഫ് എൻജിനീയറായി വിരമിച്ച പത്മനാഭൻ നമ്പ്യാർ ഇപ്പോൾ ജീവിതം ആസ്വദിക്കുന്നത് കാർഷിക മേഖലയിൽ സജീവ ഇടപെടൽ നടത്തിയാണ്. കഴിഞ്ഞ വേനലിൽ സ്വന്തം ആവശ്യത്തിനായി കൃഷിചെയ്ത മരച്ചീനിയാണ് രണ്ടുമീറ്ററിലധികം നീളമുള്ള കിഴങ്ങു നൽകിയത്. വിളയാങ്കോട്ടേ വീട്ടുപറമ്പിനടുത്ത വിറാസ് കോളജിനടുത്തുള്ള സ്ഥലത്താണ് മരച്ചീനി കൃഷി ചെയ്തത്. സ്വന്തം പുരയിടത്തിൽതന്നെ മുൻകാലങ്ങളിൽ ഉൽപാദിപ്പിച്ച വേലങ്കി ഇനം ചെടിയിൽനിന്ന് നടീൽ വസ്തു ശേഖരിച്ചാണ് കൃഷി ചെയ്തത്. പട്ടുവം എം.ആർ ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് വിരമിച്ച ഭാര്യ ഗിരിജവല്ലിയും പത്മനാഭൻ നമ്പ്യാരോടൊപ്പം കൃഷിയിൽ സജീവമാണ്. ഒരേക്കറോളം സ്ഥലത്ത് വ്യത്യസ്ത ഇനങ്ങളായ വാഴകൾ, മാവ്, തെങ്ങ്, കുരുമുളക് തുടങ്ങിയവയാണ് പ്രധാന കൃഷി. ജാതിക്ക, റംബുട്ടാൻ, ഡ്രാഗൺ ഫ്രൂട്ട്, നോനി തുടങ്ങി പലയിനം പഴവർഗങ്ങളും കൃഷിയിടത്തിൽ സ്ഥാനംപിടിച്ചിട്ടുണ്ട്. കൃഷിയിൽ തുടരാൻ തന്നെയാണ് ഈ ദമ്പതിമാരുടെ തീരുമാനം.