കണ്ണൂർ: പൊതുജനങ്ങളിലും വിദ്യാർഥികളിലും ശാസ്ത്രബോധവും ശാസ്ത്രാഭിരുചിയും വളർത്തുക ലക്ഷ്യമിട്ട് ആരംഭിച്ച കണ്ണൂർ സയൻസ് പാർക്കിൽ കൂടുതൽ പ്രദർശന വസ്തുക്കൾ. ഡിജിറ്റൽ കാലിഡോസ്കോപ്, കോൺകേവ് മിറർ, കോൺവെക്സ് മിറർ, എനർജി ബാൾ, വിവിധ തരം ലെൻസുകൾ, വിസ്മയ കൊട്ടാരം തുടങ്ങിയവയാണ് പുതുതായി ഒരുക്കിയത്. ശാസ്ത്രലോകത്തിന് ഏറെ സംഭാവനകൾ നൽകിയവരുടെ ചിത്രങ്ങളുമായുള്ള ഗാലറിയും ഇതോടൊപ്പം സജ്ജീകരിച്ചു. അഞ്ചുവർഷമായി പ്രവർത്തന രഹിതമായിരുന്ന മിനി പ്ലാനറ്റോറിയം പുനഃസ്ഥാപിച്ചതാണ് വലിയ നേട്ടം. മിനി പ്ലാനറ്റോറിയം കൂടി ഒരുക്കിയതോടെ സയൻസ് പാർക്കിൽ ദിവസേന മൂന്ന് ഷോയുണ്ടാകും.
ഐ.എസ്.ആർ.ഒ നിർമിച്ചുനൽകിയ പവലിയൻ, മിനി പ്ലാനറ്റോറിയം, ത്രീഡി തിയറ്റർ എന്നിവിടങ്ങളിലായാണ് മൂന്ന് ഷോകൾ. ഐ.എസ്.ആർ.ഒ പവലിയനിൽ കൂടുതൽ സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. ആഴ്ചയിൽ എല്ലാ ദിവസവും രാവിലെ 10മുതൽ നാലുവരെയാണ് സയൻസ് പാർക്ക് പ്രവർത്തിക്കുക. ഞായറാഴ്ചകളിൽ എത്തുന്നവർ അക്കാര്യം നേരത്തേ അറിയിക്കണമെന്ന് ഡയറക്ടർ അറിയിച്ചു. കുട്ടികൾക്ക് 40ഉം മുതിർന്നവർക്ക് 50 രൂപയുമാണ് പ്രവേശന ഫീസ്. ത്രീഡി ഷോ കാണുന്നവർക്ക് 15 രൂപയുടെ കണ്ണട നൽകും. ജില്ല പഞ്ചായത്തിന്റെ 10ലക്ഷം രൂപ ചെലവിലാണ് നവീകരണം പൂർത്തിയാക്കിയത്. 10ലക്ഷം ചെലവിൽ മാസങ്ങൾക്കു മുമ്പാണ് ത്രീഡി തിയറ്റർ ഒരുക്കിയത്. 20മിനിറ്റ് ദൈർഘ്യമുള്ള ശാസ്ത്ര പഠനഷോകളാണ് ഇവിടെ അവതരിപ്പിക്കുന്നത്. ഇതിനു പിന്നാലെയാണ് സയൻസ് പാർക്കിന്റെ പെയിന്റിങ് ഉൾപ്പടെയുള്ള നവീകരണ പ്രവൃത്തിയും പൂർത്തീകരിച്ചത്. സയൻസ് പാർക്കിലെ പ്രദർശന വസ്തുക്കളുടെ ഉദ്ഘാടനം ശനിയാഴ്ച രാവിലെ 10ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും.
സയൻസ് പാർക്കിൽ മെസ് ഹാൾ ഉടൻ സജ്ജമാക്കും. ഇതിനുള്ള ഫണ്ട് ജില്ല പഞ്ചായത്ത് അനുവദിച്ചിട്ടുണ്ട്. സയൻസ് പാർക്കിലെ വിവിധ ഷോകളിൽ എത്തുന്ന കുട്ടികൾക്കും മുതിർന്നവർക്കും ലഘുഭക്ഷണം ഒരുക്കുകയാണ് ലക്ഷ്യം. നിലവിൽ അതിനുള്ള സൗകര്യമില്ലെന്ന് കണ്ടാണ് ഫണ്ട് അനുവദിച്ചത്. പാർക്കിന്റെ ഓഡിറ്റോറിയത്തിൽ നടക്കുന്ന വിവിധ പരിപാടികളിൽ പങ്കെടുക്കുന്നവർക്കും ഉപയോഗിക്കാവുന്ന വിധമുള്ളതാകും നിർദിഷ്ട മെസ് ഹാൾ.
ജ്യോതി കേളോത്ത്
ഡയറക്ടർ, സയൻസ് പാർക്ക്