കണ്ണൂർ: പാർട്ടി നൽകിയ മാനസിക സംഘർഷമാണ് വൃക്കരോഗിയാക്കിയതെന്നും തന്നെ തെറ്റുകാരനാക്കിയവർക്കുണ്ടാകുന്ന തിരിച്ചടിയിൽ സന്തോഷമുണ്ടെന്നും മുൻ സി.പി.എം നേതാവ് സി.കെ.പി. പത്മനാഭൻ. കര്‍ഷകസംഘം ഫണ്ട് കൈകാര്യം ചെയ്തതിലുള്ള വീഴ്ചയുടെ പേരിൽ പാർട്ടി നടപടി നേരിട്ട സി.പി.എം മുൻ സംസ്ഥാന കമ്മിറ്റി അംഗവും മുതിര്‍ന്ന നേതാവുമായ സി.കെ.പി. പത്മനാഭൻ പ്രാദേശിക വാർത്തചാനലിന് നൽകിയ അഭിമുഖത്തിലാണ് പാർട്ടിക്കും നേതാക്കൾക്കുമെതിരെ തുറന്നടിച്ചത്.
വിഭാഗീയതയുടെ ഭാഗമായുള്ള പ്രതികാര നടപടിയാണ് അന്ന് ഉണ്ടായത്. ശ്രദ്ധക്കുറവിൽ നടപടിയെടുത്ത സംഭവം ലോകത്ത് ആദ്യമായിരിക്കും. പിന്നീട് സാമ്പത്തിക തിരിമറി നടത്തിയെന്ന് വാർത്ത വന്നപ്പോൾ പാർട്ടി അത് നിഷേധിച്ചില്ല. പ്രകാശ് കാരാട്ടിനോട് നേരിട്ട് പരാതി പറഞ്ഞിരുന്നു. ക്ഷമിക്കണമെന്ന് പറഞ്ഞ് പുറത്തുതട്ടി ആശ്വസിപ്പിക്കുകയാണ് അന്ന് ചെയ്തത്. ഒരു തെറ്റും ചെയ്തിട്ടില്ല. ഒരു രൂപയുടെ പോലും ക്രമക്കേട് നടത്തിയിട്ടില്ല. പക്ഷെ അങ്ങനെയൊരു പ്രതീതി വരുത്തിവെച്ചു. പാർട്ടി നടപടി ഇന്നുവരെ എഴുതിതന്നില്ല. 15 തവണ അപ്പീൽ നൽകി.
പിന്നിൽ പ്രവർത്തിച്ച പലർക്കും സ്വാഭാവികമായും പ്രകൃതി ശിക്ഷ നൽകിവരികയാണ്. ഒരു കമ്യൂണിസ്റ്റാണെങ്കിലും അക്കാര്യത്തിൽ ഇപ്പോൾ സന്തോഷിക്കുകയാണ്. തിരുവനന്തപുരത്തെ എൻ.ജി.ഒ യൂനിയൻകാരുടെ ബാങ്കിൽ കർഷക സംഘം സംസ്ഥാന സെക്രട്ടറിയുടെയും പ്രസിഡന്റിന്റെയും പേരിൽ പണം നിക്ഷേപിച്ചപ്പോൾ സ്വന്തം പേരിൽ നിക്ഷേപമാക്കി മാറ്റിയെന്ന് ആരോപിച്ചു. ഈ പണം പിന്നീട് പിൻവലിച്ചത് ഇ.പി. ജയരാജനും കെ.വി. രാമകൃഷ്ണനും കൂടിയാണ്. 25 ലക്ഷം പിൻവലിച്ച രേഖകൾ കേന്ദ്ര കമ്മിറ്റിക്ക് കൈമാറിയിരുന്നു. നാല് ലക്ഷത്തോളം അന്നത്തെ ഓഫിസ് സെക്രട്ടറി തട്ടിയെടുത്തെന്ന കാര്യം സത്യമാണ്. അന്നത്തെ ജില്ല സെക്രട്ടറി പി. ശശിക്കെതിരായി നൽകിയ പരാതിയിൽ തള്ളിക്കളയാൻ പറ്റുന്ന വസ്തുതയായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ടി.പി. ചന്ദ്രശേഖരൻ വധത്തോടെ അദ്ദേഹം ഉയർത്തിയ ആശയം വളർന്നു. വധത്തിൽ പാർട്ടിക്ക് പങ്കുണ്ടോയെന്ന് അറിയില്ല. ടി.പിയുമായുള്ള പ്രശ്നം പരിഹരിക്കണമെന്ന് വി.എസ്. അച്യുതാനന്ദനോട് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് വി.എസ് വടകരയിലെത്തി തെറ്റുതിരുത്തി തിരിച്ചുവരണമെന്ന് പ്രസംഗിച്ചത്. എന്നാൽ നേതൃത്വം അതിനെ വിമർശിക്കുകയാണ് ചെയ്തത്. ഇതിന് പിന്നാലെയാണ് ടി.പി കൊല്ലപ്പെടുന്നത്. വിഭാഗീയതയുടെ ലക്ഷ്യം അധികാരമായിരുന്നുവെന്നും സി.കെ.പി. പത്മനാഭൻ പറഞ്ഞു.