
പയ്യന്നൂരിൽ എം.ഡി.എം.എ യുമായി പിടിയിലായ പ്രതികൾ
പയ്യന്നൂർ: പയ്യന്നൂരിൽ വൻ മയക്കുമരുന്ന് വേട്ട. ലോഡ്ജിൽ നടത്തിയ പൊലീസ് റെയ്ഡിൽ 166.68 ഗ്രാം മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മൂന്നു യുവാക്കൾ പിടിയിലായി. പ്രതികളിൽ നിന്ന് ഒന്നര ലക്ഷത്തോളം രൂപയും പൊലീസ് പിടികൂടി. കോഴിക്കോട് രാമനാട്ടുകരയിൽ നിന്ന് കൊണ്ടുവന്ന് വിൽപന നടത്താനുള്ള നീക്കത്തിനാണ് പൊലീസ് തടയിട്ടത്.
കോഴിക്കോട് അത്തോളി കൊങ്ങന്നൂർ മെറൂൺ വില്ലയിലെ മുഹമ്മദ് ഷംനാദ് (35), രാമന്തളി വടക്കുമ്പാട് ജുമാമസ്ജുദിന് സമീപത്തെ പി.കെ. ആസിഫ് (29), വടക്കുമ്പാട് ജി.എം.യു.പി സ്കൂളിന് സമീപത്തെ മുഹമ്മദ് മുഹദ് മുസ്തഫ (29) എന്നിവരാണ് പിടിയിലായത്. വ്യാഴാഴ്ച രാത്രി എട്ടോടെയാണ് പെരുമ്പ ബൈപാസ് റോഡിലെ ബുറാഖ് ഇൻ ലോഡ്ജിൽനിന്നാണ് മൂവർ സംഘം പയ്യന്നൂർ പൊലീസിന്റെ പിടിയിലായത്. സ്പെഷൽ ബ്രാഞ്ച് എ.എസ്.ഐ മനോജിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നുള്ള പരിശോധനയിലാണ് പിടികൂടിത്. മയക്കുമരുന്ന് വലിക്കാനായി ഉപയോഗിക്കുന്ന ഇൻസുലേഷൻ ടാപ്പ് ചുറ്റിയ ഗ്ലാസ് പൈപ്പും പൊലീസ് പിടികൂടി. പയ്യന്നൂർ പൊലീസ് ഇൻസ്പെക്ടർ കെ. പി. ശ്രീഹരി, എസ്.ഐ സി.സനീദ്, എസ്.ഐ കെ. ദിലീപ്, എസ്.ഐ മഹേഷ്, ജിതിൻ, സീനിയർ സി.പി.ഒ അബ്ദുൾ ജബ്ബാർ എന്നിവരടങ്ങുന്ന സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്. സംഭവസ്ഥലത്തെത്തിയ പയ്യന്നൂർ ഡി.വൈ.എസ്.പി കെ.വിനോദ്കുമാർ ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. പ്രതികളെ കോടതിയിൽ ഹാജരാക്കി.