
പാപ്പിനിശ്ശേരിയിൽ ഇൻഡോർ സ്റ്റേഡിയത്തിന്റെ പ്രവൃത്തി നടക്കുന്ന പഞ്ചായത്ത് മൈതാനം
പാപ്പിനിശ്ശേരി: പഞ്ചായത്തിൽ 4.89 കോടിയുടെ ഇൻഡോർ സ്റ്റേഡിയത്തിന്റെ പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്നു. ഭരണാനുമതി അനുവദിച്ചുകിട്ടിയ പ്രകാരം എസ്റ്റിമേറ്റ്, ടെൻഡർ നടപടികൾ പൂർത്തിയാക്കി അതിവേഗത്തിലാണ് നിർമാണ പ്രവൃത്തി തുടങ്ങിയിരുന്നത്. ഇൻഡോർ സ്റ്റേഡിയത്തിനാവശ്യമായ പൈലിങ് പ്രവൃത്തി തുടങ്ങി നിർമാണ സാമഗ്രികളും എത്തിച്ചു. ഇതിനുശേഷം പ്രവൃത്തി ഇഴയുകയാണ്. പൈലിങ് അടക്കമുള്ള പ്രവൃത്തിയുടെ പാർട്ട് ബിൽ അംഗീകരിച്ചു ലഭിക്കാത്തതിനാലാണ് പ്രവൃത്തി മന്ദഗതിയിലായതെന്നാണ് വിവരം.
കഴിഞ്ഞ ഇടതു സർക്കാറിന്റെ കാലത്ത് കായിക മന്ത്രിയായിരുന്ന ഇ.പി. ജയരാജനാണ് പദ്ധതി പ്രഖ്യാപിച്ചത്. പാപ്പിനിശ്ശേരി പഞ്ചായത്ത് ഓഫിസിനടുത്ത് ഒരേക്കറോളം ഭൂമിയിലാണ് സ്റ്റേഡിയം പണി ആരംഭിച്ചത്. കായിക വകുപ്പ് എൻജീനീയറിങ് വിഭാഗം മണ്ണ് പരിശോധനയുൾപ്പെടെ പ്രാഥമിക നടപടികളെല്ലാം നേരത്തേ പൂർത്തിയാക്കിയിരുന്നു. കായിക വകുപ്പിന് കീഴിൽ ആരംഭിച്ച സ്പോട്സ് കേരള ഫൗണ്ടേഷനാണ് നിർമാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചത്. 2023ൽ നിർമാണം പൂർത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടതെങ്കിലും പ്രവൃത്തി എങ്ങുമെത്തിയില്ല.