
തലശ്ശേരി കടൽപ്പാലം പരിസരത്ത് സ്ഥാപിച്ച നിരീക്ഷണ കാമറകളുടെ സ്വിച്ച് ഓൺ കർമം സ്പീക്കർ എ.എൻ. ഷംസീർ നിർവഹിക്കുന്നു
തലശ്ശേരി: തലശ്ശേരി കടൽതീരത്ത് മാലിന്യം തള്ളിയാൽ ഇനി പിടിവീഴും… കടൽത്തീരത്തെ മാലിന്യം നിക്ഷേപം കണ്ടെത്തുന്നതിന് അത്യാധുനിക നിരീക്ഷണ കാമറകൾ സജ്ജമാക്കി. ഒരു ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെകഗ്നേഷൻ കാമറ ഉൾപ്പെടെ അഞ്ച് കാമറകളാണ് തലശ്ശേരി കടൽപ്പാലം മുതൽ മത്സ്യമാർക്കറ്റ് വരെയുള്ള പരിധിയിൽ സ്ഥാപിച്ചത്. മാലിന്യം തളളുന്നവരെ തക്കസമയം കണ്ടെത്തി പിഴ ഉൾപ്പെടെ കർശന നടപടികൾ ചുമത്തുകയാണ് നഗരസഭയുടെ തീരുമാനം. കടൽക്കരയിൽ മാലിന്യം തള്ളുന്നത് പതിവായതോടെയാണ് നിരീക്ഷണ കാമറകൾ സ്ഥാപിക്കാൻ അധികൃതർ മുന്നോട്ടുവന്നത്. വ്യാപാരികളുടെ സഹകരണത്തോടെയാണ് കാമറകൾ സ്ഥാപിച്ചത്.
കടൽപ്പാലം പരിസരത്തെ ലോഡ്ജുകളിൽ താമസിക്കുന്ന അന്തർ സംസ്ഥാന തൊഴിലാളികളും നഗരസഭ പരിധിക്ക് പുറത്ത് താമസിക്കുന്നവരും പതിവായി വാഹനങ്ങളിൽ കൊണ്ടുവന്ന് മാലിന്യം കടൽത്തീരത്ത് തള്ളുന്നതായി ശ്രദ്ധയിൽപ്പെട്ടിരുന്നു. നഗരസഭയുടെ തീരുമാനത്തിന് സ്ഥലം എം.എൽ.എ കൂടിയായ സ്പീക്കർ എ.എൻ. ഷംസീറും പിന്തുണ നൽകിയിട്ടുണ്ട്.
ഇതിനായി പൊലീസിന്റെ സഹായവും ഉറപ്പാക്കിയിട്ടുണ്ട്. മാലിന്യമുക്ത നഗരസഭയായി തലശ്ശേരിയെ മാറ്റുകയാണ് ലക്ഷ്യം. കടൽപ്പാലം പരിസരത്തെ പൊലീസ് എയ്ഡ് പോസ്റ്റിലാണ് കാമറകളുടെ കൺട്രോൾ. ഇ – ഗാപോ ഐ.ടി സൊല്യൂഷനാണ് കാമറകൾ സ്ഥാപിച്ചത്. സ്പീക്കർ എ.എൻ. ഷംസീർ കാമറകളുടെ സ്വിച്ച് ഓൺ കർമം നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണി അധ്യക്ഷതവഹിച്ചു. തലശ്ശേരി എ.എസ്.പി പി.ബി. കിരൺ, നഗരസഭ സെക്രട്ടറി എൻ. സുരേഷ് കുമാർ, നഗരസഭ ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൻ ടി.കെ. സാഹിറ, നഗരസഭാംഗങ്ങളായ ഫൈസൽ പുനത്തിൽ, സി.ഒ.ടി. ഷബീർ, ഹരിതകർമസേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. നഗരസഭ വൈസ് ചെയർമാൻ എം.വി. ജയരാജൻ സ്വാഗതം പറഞ്ഞു.