ഇരിട്ടി: പ്രളയവും ദുരിതങ്ങളും വിട്ടൊഴിയാതെ വേട്ടയാടുമ്പോൾ ആറുവർഷം മുമ്പ് നടന്ന പ്രളയത്തിൽ സർവതും നഷ്ടപ്പെട്ട് വാടകവീട്ടിലേക്ക് മാറിയ കുടുംബം ഇന്നും അധികൃതരുടെ കനിവ് തേടി ഓഫിസുകൾ കയറിയിറങ്ങുന്നു. അയ്യൻകുന്ന് പഞ്ചായത്തിലെ എടപ്പുഴ കീഴങ്ങാനത്ത് 2018ലെ ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ട പുത്തൻപറമ്പിൽ ശശി (65), ഉഷ (55) ദമ്പതികൾ ഇന്നും കഴിയുന്നത് വാടകവീട്ടിൽ.
കഴിഞ്ഞ ആറുവർഷമായി, തങ്ങൾക്ക് ലഭിക്കേണ്ട നഷ്ടപരിഹാരത്തുകക്കുവേണ്ടി കയറിയിറങ്ങാത്ത സർക്കാർ ഓഫിസുകളില്ല. 2018ലെ ഉരുൾപൊട്ടലിൽ ആകെയുണ്ടായിരുന്ന 15 സെന്റ് സ്ഥലത്തിന്റെ ഭൂരിഭാഗവും വളർത്തുമൃഗങ്ങളും ഒഴുകിപ്പോയപ്പോൾ എല്ലാം തന്ന് പുനരധിവസിപ്പിക്കും എന്നത് വാഗ്ദാനം മാത്രമായി മാറി.
വിള്ളൽ വീണ് അപകടാവസ്ഥയിൽ വീട് ഉപേക്ഷിച്ച് പോരാൻ തയാറാകാതിരുന്ന ഇവരെ അന്ന് പൊലീസ് ബലമായി മാറ്റിപ്പാർപ്പിക്കുകയായിരുന്നു. വാടക ഉൾപ്പെടെ നൽകാമെന്ന് ഉറപ്പുനൽകിയിരുന്നുവെങ്കിലും ആറു വർഷമായി കുടുംബം വാടക കൊടുക്കാൻ വകയില്ലാതെ ബുദ്ധിമുട്ടുകയാണ്. നട്ടെല്ലിനും കാലിനും അസുഖബാധിതനായ ശശിക്ക് ജോലിചെയ്തു ജീവിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഭാര്യ ഉഷ തൊഴിലുറപ്പിന് പോയി ലഭിക്കുന്ന വരുമാനത്തിലാണ് കുടുംബം ജീവിക്കുന്നത്.
2018 മുതൽ വിവിധ സ്ഥലങ്ങളിലായി അഞ്ചോളം വാടകവീടുകളിൽ മാറിമാറി താമസിച്ചുവരുന്ന കുടുംബത്തിന്റെ കഴിഞ്ഞ അഞ്ചുമാസമായി വാടകപോലും മുടങ്ങി. 3000 രൂപ വാടകക്ക് ഇപ്പോൾ കഴിയുന്ന മുണ്ടയാംപറമ്പിലെ വീട് മരംവീണ് തകർന്ന് ചോർന്നൊലിക്കുന്ന സ്ഥിതിയിലാണ്. പശുക്കളെ വളർത്തിയും മറ്റും ജീവിച്ചുപോന്ന കുടുംബത്തിന്റെ നിലവിലെ സ്ഥിതി ദയനീയമാണ്. സമീപവാസികൾ വളർത്താൻ നൽകുന്ന ആടുമാടുകളെ വളർത്തുന്നതിൽ നിന്നും ലഭിക്കുന്ന തുച്ഛമായ വരുമാനം മരുന്നിന് പോലും തികയാറില്ല.
മൂത്തമകന് കരൾ അസുഖ ചികിത്സക്കായി മാസം 40,000ത്തിലധികം രൂപ ചെലവാകുന്നുണ്ട്. ആകെ വരുമാനം ഇളയമകന്റെ ചെറിയ ജോലിയാണ്. രണ്ടു വർഷം മുമ്പ്, പണം ലഭിക്കുമെന്ന അധികൃതരുടെ ഉറപ്പിന്മേൽ കടം വാങ്ങിയ തുകകൊണ്ട് സ്ഥലത്തിന് അഡ്വാൻസ് നൽകിയിരുന്നു. എഗ്രിമെന്റ് ചെയ്ത് പേപ്പറുകളുമായി എത്തിയിട്ടും അഡ്വാൻസ് കൊടുത്ത തുക നഷ്ടപ്പെട്ടതല്ലാതെ ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല എന്നാണ് ദമ്പതികൾ പറയുന്നത്. സ്വസ്ഥമായി ഉറങ്ങാൻ തങ്ങൾക്കൊരു വീടു ലഭിക്കുമെന്ന പ്രതീക്ഷയിലാണിവർ.