തലശ്ശേരി: ചിറക്കര മേഖലയിൽ വൈകുന്നേരങ്ങളിൽ ഗതാഗതക്കുരുക്ക് പതിവായി. എരഞ്ഞോളി പാലം മുതൽ സംഗമം റെയിൽവേ മേൽപാലം വരെ കുരുക്ക് നീളും. ചെറുതും വലുതുമായ വാഹനങ്ങൾ മണിക്കൂറുകളോളം കുരുക്കിൽ അകപ്പെടുകയാണ്. നാരങ്ങാപ്പുറം, എ.വി.കെ നായർ റോഡ്, മഞ്ഞോടി ഭാഗങ്ങളിൽനിന്നുള്ള വാഹനങ്ങൾ ടൗൺ ഹാൾ റോഡിലേക്ക് ഒന്നിച്ച് പ്രവേശിക്കുന്നതോടെയാണ് ചിറക്കരയിൽ ഗതാഗതക്കുരുക്ക് മുറുകുന്നത്. വൈകീട്ട് അഞ്ച് കഴിഞ്ഞാൽ ഇത് പതിവുകാഴ്ചയാണ്.
രോഗികളുമായെത്തുന്ന ആംബുലൻസുകളടക്കം വഴിയിൽ കുടുങ്ങുകയാണ്. ഈ സമയങ്ങളിൽ ഗതാഗതം നിയന്ത്രിക്കാൻ ട്രാഫിക് പൊലീസ് ഉണ്ടാവാറില്ല. മുഴപ്പിലങ്ങാട്ട്-മാഹി ബൈപാസ് യാഥാർഥ്യമായപ്പോൾ നഗരത്തിലെ തിരക്കൊഴിവാകുമെന്നാണ് എല്ലാവരും കണക്കുകൂട്ടിയത്. എന്നാൽ, ഫലം മറിച്ചാണ്. വാഹനങ്ങളുടെ ബാഹുല്യത്താൽ ചില സമയങ്ങളിൽ നഗരം വീർപ്പുമുട്ടുന്ന അവസ്ഥയിലാണ്. നഗരസഭയുടെ മേൽനോട്ടത്തിൽ തലശ്ശേരിയിൽ ട്രാഫിക് അഡ്വൈസറി കമ്മിറ്റിയുണ്ടെങ്കിലും ട്രാഫിക് പരിഷ്കാരം വരുത്താൻ സാധിക്കുന്നില്ല. നഗരസഭയിൽ മാസത്തിൽ യോഗം ചേരുന്നതല്ലാതെ കുറ്റമറ്റ നിലയിലുള്ള ഗതാഗത സംവിധാനം ഒന്നും നടക്കുന്നില്ലെന്നാണ് പൊതുജനങ്ങളുടെ ആക്ഷേപം