പയ്യന്നൂർ: സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ ഇക്കുറിയും പയ്യന്നൂരിന് നേട്ടം. മികച്ച സ്വഭാവ നടനുള്ള പ്രത്യേക ജൂറി പുരസ്കാരം കെ.സി. കൃഷ്ണനും മികച്ച സിനിമ ലേഖനത്തിനുള്ള ജൂറി പുരസ്കാരം പ്രേമചന്ദ്രൻ മാസ്റ്റർക്കും ലഭിച്ചു. ടി. ദീപേഷിന്റെ ‘ജൈവ’ത്തിലെ അഭിനയത്തിനാണ് കൃഷ്ണന് അവാര്‍ഡ് ലഭിച്ചത്. പയ്യന്നൂരിലെ പഴയ പത്ര ഏജന്റായ കൃഷ്ണൻ നാടകക്കമ്പത്തിലൂടെയാണ് വെള്ളിത്തിരയിലെത്തിയത്.
മധു കൈതപ്രത്തിന്റെ ‘മധ്യവേനലി’ലൂടെയാണ് തുടക്കം. നല്ല സിനിമകളുടെ ആസ്വാദകനും പ്രചാരകനുമാണ് റിട്ട. അധ്യാപകനും പയ്യന്നൂർ തായിനേരി സ്വദേശിയുമായ പി. പ്രേമചന്ദ്രൻ. ഇദ്ദേഹത്തിന്റെ ‘കാമനകളുടെ സാംസ്കാരിക സന്ദർഭങ്ങൾ’ എന്ന പുസ്തകമാണ് പ്രത്യേക ജൂറി പുരസ്കാരം നേടിയത്.
ലോകത്തിലെയും ഇന്ത്യയിലെയും മലയാളത്തിലെയും സിനിമകളെക്കുറിച്ചുള്ള പഠനങ്ങൾ പുസ്തകത്തിലുണ്ട്. ഓപൺ ഫ്രെയിം ഫിലിം സൊസൈറ്റിയുടെ മുഖ്യ സംഘാടകനായി കഴിഞ്ഞ 20 വർഷമായി പ്രവർത്തിക്കുന്നു. നൂറിലേറെ വിദേശ സിനിമകൾക്ക് ഇദ്ദേഹം സബ് ടൈറ്റിലുകൾ സ്വന്തമായി തയാറാക്കിയിട്ടുണ്ട്.