മാഹി: പുതുച്ചേരി റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (പി.ആർ.ടി.സി) ഇന്റലിജന്റ് ട്രാൻസ്പോർട്ട് സിസ്റ്റംസ് (ഐ.ടി.എസ്) സ്ഥാപിക്കാനുള്ള പദ്ധതി പ്രാദേശിക ഭരണകൂടം ആരംഭിച്ചു.
കേന്ദ്രഭരണ പ്രദേശത്തുടനീളമുള്ള ബസുകളുടെ തത്സമയസ്ഥാനം ട്രാക്കുചെയ്യാൻ കഴിയുന്നതാണ് പദ്ധതി. 9.05 കോടി രൂപയാണ് പദ്ധതിയുടെ മതിപ്പ് ചെലവ്. ഇതിൽ 70 ശതമാനം കേന്ദ്ര സർക്കാർ കീഴിലുള്ള റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയവും (മോർത്ത്) 30 ശതമാനം പുതുച്ചേരി സർക്കാരും നൽകും. ഈ മാസം അവസാനത്തോടെ ഗതാഗത വകുപ്പ് പദ്ധതി നടപ്പാക്കുന്നതിനുള്ള നിർദേശം നൽകുമെന്നാണ് സൂചന.
ജി.പി.എസ് ഘടിപ്പിച്ച 100 പി.ആർ.ടി.സി ബസുകൾ ഉൾപ്പെടെ നഗര പൊതുഗതാഗതം മെച്ചപ്പെടുത്താൻ പദ്ധതി സഹായിക്കുമെന്ന് അധികൃതർ അറിയിച്ചു. 15 ലധികം സ്ഥലങ്ങളിലെ ബസ് ഷെൽട്ടറുകളിൽ ബസ് ഇൻഫർമേഷൻ സിസ്റ്റമുണ്ടായിരിക്കും.
ഈ പദ്ധതി ഒരു വർഷത്തിനുള്ളിൽ നടപ്പിലാക്കും. നിലവിൽ ടിക്കറ്റ് ബുക്കുകളുടെയും മാനുവൽ ടിക്കറ്റിങ്ങിന്റെയും ഓഡിറ്റിങ്ങിനായി പി.ആർ.ടി.സി ഉപയോഗിക്കുന്ന മിക്ക ആപ്ലിക്കേഷനുകളും കാലഹരണപ്പെട്ടതാണെന്നാണ് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. തൽഫലമായി മറ്റ് സംവിധാനങ്ങളുമായുള്ള സംയോജനത്തിന്റെ കാര്യത്തിൽ ഏറ്റവും പുതിയ സാങ്കേതികവിദ്യകളെ നേരിടാൻ കോർപറേഷന് ബുദ്ധിമുട്ടാണ്.
വെഹിക്കിൾ ട്രാക്കിങ്, പബ്ലിക് ഇൻഫർമേഷൻ, ഇലക്ട്രോണിക് ടിക്കറ്റിങ് എന്നിങ്ങനെ മൂന്ന് മൊഡ്യൂളുകളായാണ് പദ്ധതിയെ തരംതിരിച്ചിരിക്കുന്നത്. സമ്പൂർണ ടിക്കറ്റിങ്ങും നിരക്ക് ശേഖരണ സംവിധാനവും ഓട്ടോമേറ്റ് ചെയ്യുക, ടിക്കറ്റുകൾ വാങ്ങുന്നതിനും വിശ്വസനീയമായ ഗതാഗത സേവനങ്ങൾ ലഭ്യമാക്കുന്നതിനും വിവിധ യാത്രാ സൗഹൃദ മാർഗങ്ങൾ ലഭ്യമാക്കുക എന്നിവയാണ് പി.ആർ.ടി.സി ലക്ഷ്യമിടുന്നത്. ഇലക്ട്രോണിക് ടിക്കറ്റിങ് രീതി ഉപയോഗിച്ച് വരുമാന ചോർച്ച പരിഹരിക്കാനും യാത്രക്കാരുടെ സൗകര്യം വർധിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നത്.