കണ്ണൂർ: മുൻ എ.ഡി.എം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വിവാദമായ പെട്രോൾ പമ്പിന് സ്ഥലം പാട്ടത്തിന് നൽകിയത് പള്ളി കമ്മിറ്റി പുനഃപരിശോധിച്ചേക്കുമെന്ന് ഭാരവാഹികൾ. തളിപ്പറമ്പ് -ശ്രീകണ്ഠപുരം സംസ്ഥാന പാതയിൽ നെടുവാലൂർ പള്ളിയുടെ ഉടമസ്ഥതയിലുള്ള 40 സെന്റ് സ്ഥലമാണ് പാട്ടത്തിനെടുത്തത്. പമ്പ് ഉടമ ടി.വി പ്രശാന്തനാണ് ചേരൻകുന്ന് സെന്റ് ജോസഫ് പള്ളിയുമായാണ് കരാർ ഒപ്പിട്ടത്. 40സെന്റ് സ്ഥലം പ്രതിമാസം 40000 രൂപ നിരക്കിൽ ഒരുവർഷം മുമ്പാണ് പാട്ടത്തിനെടുത്തത്.
പമ്പ് അനുവദിക്കാൻ വേണ്ടി നവീൻ കൈക്കൂലി വാങ്ങിയെന്ന് പ്രശാന്തൻ ആരോപിച്ചിരുന്നു. എന്നാൽ, എഡിഎം സത്യസന്ധനെന്നും ഉടൻ എൻഒസി കിട്ടുമെന്നും പ്രശാന്തൻ പറഞ്ഞതായി പള്ളി വികാരി പ്രതികരിച്ചു. സെന്റിന് മാസം 1000 രൂപ നിരക്കിലാണ് കരാർ.
പെട്രോൾ പമ്പ് തുടങ്ങാൻ ആവശ്യത്തിന് സാമ്പത്തിക സ്ഥിതിയില്ലാത്ത പ്രശാന്ത് ചില ഉന്നതരുടെ ബിനാമിയാണെന്ന് ആക്ഷേപമുണ്ട്. എന്നാൽ, ഇതേക്കുറിച്ച് തങ്ങൾക്ക് അറിവില്ലെന്ന് പള്ളി ഭാരവാഹികൾ പറഞ്ഞു. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കരാർ പുനപരിശോധിക്കാൻ ഇടവക പൊതുയോഗത്തിൽ ചർച്ചചെയ്യും.