കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ ഓടിക്കയറുന്നതിനിടെ വീണ് മധ്യവയസ്കന് ദാരുണാന്ത്യം. കണ്ണൂർ നാറാത്ത് കൊളച്ചേരി സ്വദേശി കാസിമാണ് (62) മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് 2.50നാണ് സംഭവം.
കണ്ണൂരിൽനിന്ന് പുറപ്പെടുന്ന എറണാകുളം ഇന്റർസിറ്റി എക്സ്പ്രസിൽ ബാഗുമായി ഓടിക്കയറുന്നതിനിടയിലാണ് അപകടം. കയറാൻ ശ്രമിക്കവേ പിടിവിട്ട് ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ വീണു. കാൽ കുടുങ്ങിയതോടെ എഴുന്നേൽക്കാൻ സാധിച്ചില്ല. അപായച്ചങ്ങല വലിച്ച് ട്രെയിൻ നിർത്തിച്ച് റെയിൽവേ പൊലീസും യാത്രക്കാരും കാസിമിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കാൽ അറ്റുതൂങ്ങിയ നിലയിലായിരുന്നു.
ട്രെയിനിൽ കയറുന്നതിനും ഇറങ്ങുന്നതിനുമിടെ പ്ലാറ്റ്ഫോമിനും വണ്ടിക്കും ഇടയിൽവീണ് അപകടത്തിൽപ്പെടുന്നവരുടെ എണ്ണം വർധിക്കുകയാണ്. തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നീങ്ങിത്തുടങ്ങിയ ട്രെയിനിൽ ഓടിക്കയറാൻ ശ്രമിച്ച യുവാവ് വീണ് ട്രെയിനിനടിയിൽപെട്ട് കഴിഞ്ഞമാസം മരിച്ചിരുന്നു.