
തകർന്ന ഐച്ചേരി-അലക്സ് നഗർ റോഡ്
ശ്രീകണ്ഠപുരം: അലക്സ് നഗറിൽ നിന്ന് ഐച്ചേരിയിലേക്കുള്ള രണ്ടര കിലോമീറ്റർ റോഡിനോടുള്ള വർഷങ്ങളായുള്ള അധികൃതരുടെ അവഗണന തുടരുകയാണ്. നന്നേ വീതി കുറഞ്ഞ റോഡ് പല സ്ഥലത്തും തകർന്ന് കുഴികൾ മാത്രമായി മാറിയ കാഴ്ചയാണ്. അലക്സ് നഗറിനെയും കാഞ്ഞിലേരിയേയും ബന്ധിപ്പിച്ച പാലം നിർമാണത്തിന്റെ ആദ്യ ടെൻഡറിൽ ഈ റോഡിന്റെ വികസനത്തിനും 10.10 കോടി രൂപ 2016ൽ വകയിരുത്തിയിരുന്നു. 5.50 മീറ്റർ വീതിയിൽ റോഡ് നവീകരിക്കാനായിരുന്നു പദ്ധതി.
എന്നാൽ കരാറുകാരന്റെ അനാസ്ഥ മൂലം പാലം പണി നിലക്കുകയും 2019ൽ പാലത്തിന്റെ ഉയരം വർധിപ്പിക്കണമെന്ന സർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പുതിയ ടെൻഡർ വിളിക്കുകയും ചെയ്തു. പുതിയ ടെൻഡറിൽ റോഡ് നിർമാണം ഒഴിവാക്കി 5.84 കോടി രൂപ പാലത്തിന് മാത്രമായി വകയിരുത്തി. ഇതോടെ റോഡ് നവീകരിക്കാൻ കഴിയാതെയും വന്നു. റോഡിന്റെ ശോച്യാവസ്ഥ പാലം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. തുടർന്ന് മന്ത്രിയുടെ നിർദേശപ്രകാരം റോഡിനായി 4.36 കോടിയുടെ എസ്റ്റിമേറ്റ് തയാറാക്കിയെങ്കിലും ഒരു വർഷം കഴിഞ്ഞിട്ടും തുടർനടപടികളായില്ല. ഒമ്പത് മീറ്റർ വീതിയിൽ ടാറിങ് നടത്താനാണ് എസ്റ്റിമേറ്റ് തയാറാക്കിയത്.
ഇതിനിടയിൽ കാലവർഷക്കെടുതിയിൽ തകർന്ന റോഡിന്റെ പുനരുദ്ധാരണം എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി ഐച്ചേരിയിൽ നിന്ന് 600 മീറ്റർ ടാറിട്ടുണ്ട്. ഈ റോഡിലെ മാപ്പിനി ഭാഗത്തെ തകർന്ന് അപകടാവസ്ഥയിലായ കലുങ്ക് പുനർ നിർമിക്കാൻ പൊതുമരാമത്ത് വകുപ്പിന്റെ വാർഷിക പദ്ധതിലുൾപ്പെടുത്തി 15 ലക്ഷവും അനുവദിച്ചിട്ടുണ്ട്. മാർച്ച് 31-നകം ഇത് ലഭിക്കുമെന്നാണ് കരുതുന്നത്. മഴക്കാലത്ത് സംസ്ഥാന പാതയിലെ തുമ്പേനിയിലും കണ്ടകശ്ശേരി പാലത്തിലും വെള്ളം കയറിയപ്പോൾ ജനങ്ങൾ ബദൽ മാർഗമായി ഉപയോഗിച്ചത് അലക്സ് നഗർ പാലവും ഈ റോഡുമാണ്. വെള്ളം കയറിയ ദിവസങ്ങളിൽ നിരവധി വാഹനങ്ങളാണ് ഇതുവഴി പോയത്. ഐച്ചേരി ഭാഗത്തുനിന്ന് അലക്സ് നഗർ പാലം വഴി കാഞ്ഞിലേരി, ബ്ലാത്തൂർ, കണിയാർവയൽ ഇരിക്കൂർ ഭാഗങ്ങളിലേക്ക് പോകാവുന്ന എളുപ്പമാർഗമാണിത്. നേരത്തെ ഇതു വഴി കെ.എസ്.ആർ.ടി.സി ബസ് സർവിസ് നടത്തിയിരുന്നു. റോഡ് തകർന്നതോടെ ഇതും നിലച്ചു. ഇനിയും അവഗണിക്കാതെ റോഡ് നവീകരണമെന്നാണ് നാട്ടുകാരുടെ ആവശ്യം.