
കണ്ണൂർ: പാനൂർ പൊയിലൂരിൽ ബി.ജെ.പി പ്രവർത്തകന് വെട്ടേറ്റു. കൊല്ലമ്പറ്റ സ്വദേശി ഷൈജുവിനാണ് വെട്ടേറ്റത്. നാല് പേർക്ക് മർദനവുമേറ്റിട്ടുണ്ട്.
ഇന്ന് ഉച്ചയോടെ സി.പി.എം പൊയിലൂർ ലോക്കൽ കമ്മിറ്റി അംഗം ബിജിത്ത് ലാൽ, ഡി.വൈ.എഫ്.ഐ പൊയിലൂർ മേഖല പ്രസിഡന്‍റ് ടി.പി സജീഷ്, ആന പാറക്കൽ പ്രദീഷ് എന്നിവർക്ക് മർദനമേറ്റിരുന്നു. ബി.ജെ.പി പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സി.പി.എം. നേതൃത്വം ആരോപിച്ചിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് വൈകീട്ട് നാലോടെ ബി.ജെ.പി പ്രവർത്തകന് വെട്ടേറ്റത്.
ആക്രമണത്തിന് പിന്നിൽ സി.പി.എമ്മാണെന്ന് ബി.ജെ.പി ആരോപിച്ചു. പൊയിലൂർ മഠപ്പുര തിറ മഹോൽസവവുമായി ബന്ധപ്പെട്ട് ഇരു വിഭാഗം തമ്മിൽ വാക്കേറ്റവും നേരിയ സംഘർഷവും പതിവാണ്. സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് വൻപൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.