
ആറളം ഫാമിലിറങ്ങിയ കൊലയാളിയാനകളിൽ ഒന്ന്
കേളകം: ആനപ്പടയുടെ നെട്ടോട്ടത്തിൽ ഭീതിയൊഴിയാതെ ആറളം പുനരധിവാസ മേഖല. വിവിധ ഘട്ടങ്ങളിലായി തുരത്തിയ അമ്പത്തിയൊന്ന് ആനകൾ ഫാമിലേക്ക് ഇതിനകം മടങ്ങിയെത്തി. ഫെബ്രുവരി 23ന് വെള്ളി-ലീല ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നതിനെത്തുടർന്ന് ഫാമിൽ വനംവകുപ്പ് മുഴുവൻസമയവും പരിശോധനയുമായി രംഗത്തുണ്ടെങ്കിലും കാട്ടാനശല്യത്തിന് ഒരു മാറ്റവുമില്ല. രണ്ട് ഘട്ടങ്ങളിലായി പുനരധിവാസ മേഖലയിൽനിന്നും ഫാം കൃഷിയിടത്തിൽനിന്നുമായി 51 ആനകളെ തുരത്തി ആറളം വന്യജീവി സങ്കേതത്തിൽ കയറ്റുകയും ചെയ്തിരുന്നു. ഫാം കൃഷിയിടത്തിലും പുനരധിവാസ മേഖലയിലും എവിടെയും ഏതുസമയവും കാട്ടാനക്കൂട്ടത്തിന്റെ ആക്രമണമുണ്ടാകാമെന്ന ആശങ്കയിലാണ് പ്രദേശനവാസികൾ. ബ്ലോക്ക് ഒമ്പതിൽ ഭാസ്കരൻ തലക്കുളം എന്ന ഗൃഹനാഥൻ അരമണിക്കൂറോളം മോഴയാനക്ക് മുന്നിൽപെടുകയും രണ്ടു മാസത്തിനിടെ ഏഴു വീടുകൾക്കു നേരെ കാട്ടാന ആക്രമണമുണ്ടാവുകയും ചെയ്തു.
ആറളം ഫാമിലെ കൊലയാളി ആനകളെ പിടികൂടി നാടു കടത്തണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്. ഫാമിലെ അപകടകാരികളായ മോഴയാനകളും കൊമ്പനും ഉൾപ്പെടെ അഞ്ച് ആനകൾ അക്രമകാരികളായതിനാൽ ഇവയെ മയക്കു വെടിവെച്ച് പിടികൂടി സുരക്ഷ ഉറപ്പാക്കണമെന്നാണ് ആറളം നിവാസികളുടെ ആവശ്യം. മുൻകാലത്ത് ആറളത്ത് ഭീതിവിതച്ച ചുള്ളി കൊമ്പനെ പിടികൂടി കൂട്ടിലടച്ചിരുന്നു. പാലക്കാട് ധോണിയിലും വയനാട്ടിലും അക്രമികളായ ആനകളെ മയക്കു വെടിവെച്ച് പിടികൂടി കൂട്ടിലടക്കുകയും മറ്റു വനമേഖലകളിലേക്ക് മാറ്റിപ്പാർപ്പിക്കുകയും ചെയ്തിരുന്നു.
ആറളത്തും സമീപ പ്രദേശങ്ങളിലും നിരവധി പേരെ വകവരുത്തിയ കൊലയാളി മോഴയാന ഇപ്പോഴും വിലസുന്നതായും മയക്കു വെടിവെച്ച് പിടിക്കണമെന്നും പുനരധിവാസ മേഖലയിലുള്ളവർ ആവശ്യപ്പെടുന്നു. ആക്രമണ സ്വഭാവമുള്ള ഈ കാട്ടനയെ എത്രയും പെട്ടന്ന് മയക്കുവെടിവെച്ച് പിടികൂടണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുനത്. വർഷങ്ങൾക്ക് മുമ്പ് ഇത്തരത്തിൽ ഭീതി പരത്തിയ ചുള്ളിക്കൊമ്പൻ എന്ന ആനയെ ആറളം ഫാമിൽനിന്ന് മയക്കുവെടി വെച്ച് കുങ്കിയാനകളുടെ സഹായത്തോടെ മുത്തങ്ങയിലേക്ക് മാറ്റിയിരുന്നു.
ആറളം ഫാമിൽ കൊന്നും കൊലവിളിച്ചും അക്രമാസക്തമായ കാട്ടാനകൾ പത്ത് വർഷത്തിനുള്ളിൽ ഇല്ലാതാക്കിയത് 15 ജീവനുകളാണ്. ആറളംവന്യജീവി സങ്കേതത്തിലുള്ളതിനെക്കാൾ ഏറെ ആനകൾ അധിവസിക്കുന്ന ഇടമായി വർഷങ്ങൾക്കിടയിൽ ആറളം ഫാം മാറി. ഇവിടങ്ങളിൽനിന്നും ആറളം, മുഴക്കുന്ന് തുടങ്ങി പഞ്ചായത്തുകളിലും കാട്ടാനകളെത്തുന്നത് നിത്യ സംഭവമാണ്. എന്നാൽ, മൂവായിരത്തഞ്ഞൂറ് ആദിവാസികളെ ആറളം ഫാമിൽ പുനരധിവസിപ്പിച്ചതല്ലാതെ അവർക്ക് വന്യജീവികളിൽനിന്നും സുരക്ഷയൊരുക്കാൻ സർക്കാറുകൾക്കായില്ല. അതിന്റെ ഫലമായി കാട്ടാനക്കൊമ്പുകളിൽ ജീവനുകൾ പൊലിഞ്ഞ് തീരുന്നുണ്ട്. ഇവയിൽ ചിലത് വനപാലകരെ അക്രമിച്ച സംഭവങ്ങളുമാണ്ടായി