
മാഹി: അടുത്ത വർഷം നടക്കാനിരിക്കുന്ന പുതുച്ചേരി നിയമ സഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ജനപ്രിയ പ്രഖ്യാപനങ്ങളുമായി പുതുച്ചേരി ബജറ്റ് ധനവകുപ്പിന്റെ കൂടി ചുമതല വഹിക്കുന്ന മുഖ്യമന്ത്രി എൻ. രംഗസാമി അവതരിപ്പിച്ചു. മാഹി ഗവ. ജനറൽ ആശുപത്രിയിൽ ഡയാലിസിസ് യൂനിറ്റ്, മാഹിയിൽ നിരത്തിൽ ഇലക്ടിക് ബസ് എന്നിങ്ങനെയാണ് ബജറ്റിൽ പ്രഖ്യാപനം. സർക്കാർ വിദ്യാലയങ്ങളിൽ പഠിച്ച കുട്ടികൾക്ക് ബിരുദ പഠനകാലത്ത് മാസം തോറും ആയിരം രൂപ നൽകുമെന്നും ബജറ്റ് പ്രസംഗത്തിൽ മുഖ്യമന്ത്രി അറിയിച്ചു. എല്ലാ റേഷൻ കാർഡുടമകൾക്കും മാസം തോറും നൽകുന്ന 10 കിലോ സൗജന്യ അരിക്കൊപ്പം രണ്ട് കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും.
എം.എൽ.എമാരുടെ മണ്ഡല വികസന ഫണ്ട് രണ്ട് കോടിയിൽനിന്ന് മൂന്ന് കോടി രൂപയായി ഉയർത്തും. അതേ സമയം അഭ്യസ്ത വിദ്യരായ യുവാക്കളുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനായി പുതുച്ചേരിയിൽ പുതിയ ഐ.ടി പാർക്കുകൾ ആരംഭിക്കണമെന്ന് രമേശ് പറമ്പത്ത് എം.എൽ.എ ആവശ്യപ്പെട്ടു. മാഹി സ്പിന്നിങ് മിൽ ഉൾപ്പെടെ സംസ്ഥാനത്ത് കോവിഡ് കാലത്ത് അടച്ചു പൂട്ടിയ മില്ലുകൾ തുറന്ന് പ്രവർത്തിപ്പിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.