
കാറ്റിലും മഴയിലും കൈതേരിയിൽ നശിച്ച വാഴത്തോട്ടം
കൂത്തുപറമ്പ്: കൂത്തുപറമ്പ് മേഖലയിൽ ഞായറാഴ്ച രാത്രിയുണ്ടായ ശക്തമായ കാറ്റിലും വേനൽമഴയിലും വൻ കൃഷിനാശം. കൈതേരിയിലെ കാരാത്താൻ ശ്രീധരന്റെ 500ഓളം കുലച്ച നേന്ത്രവാഴകളാണ് പൂർണമായും നശിച്ചത്.
കാരക്കണ്ടി വയലിലും സ്വന്തം കൃഷിയിടത്തിലുമായി ഒന്നര ഏക്കർ സ്ഥലത്ത് ആയിരത്തോളം വാഴയാണ് കൃഷിയിറക്കിയത്. പകുതിയോളം വാഴകൾ പൂർണമായും നശിച്ചു. മൂന്നുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. മാങ്ങാട്ടിടം പഞ്ചായത്ത്, കൃഷിഭവൻ അധികൃതർക്ക് പരാതി നൽകി.� ചിറ്റാരിപ്പറമ്പ് ചെള്ളത്തുവയലിൽ കാറ്റിൽ തെങ്ങ് കടപുഴകി വീടിന് കേടുപറ്റി. എം. കുഞ്ഞിരാമന്റെ രാരോത്ത് വീടിനാണ് കേടുപറ്റിയത്.
വീടിന്റെ സൺഷേഡ്, വിറകുപുര എന്നിവ തകർന്നു. സംഭവം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ശിവപുരം കതിരോട്ടിൽ മാലോടൻ മമ്മദിന്റെ വീടിന് മുകളിൽ തെങ്ങ് മറിഞ്ഞുവീണു. വീടിന്റെ വരാന്ത ഭാഗം തകർന്നു. തലനാരിഴക്കാണ് മമ്മദ് രക്ഷപ്പെട്ടത്.
തൃക്കണ്ണാപുരം ഗ്രാമീണ വായനശാലക്ക് സമീപം ശക്തമായ കാറ്റിൽ വീടിന്റെ മുകളിൽ തെങ്ങ് പൊട്ടിവീണു. നട്ടിയിൽ ശ്രീജിത്തിന്റെ വീടിന് കേടുപറ്റി.