
ഷുഹൈബ്, എ. നാസർ, മുഹമ്മദ് അക്രം
തലശ്ശേരി: ലക്ഷങ്ങൾ വിലയുള്ള ബ്രൗൺ ഷുഗറുമായി തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തലശ്ശേരി പാലിശ്ശേരിയിലെ മറിയാസ് ഹൗസിൽ ഇ.എ. ഷുഹൈബ് (38), മട്ടാമ്പ്രത്തെ അറയിലകത്ത് എ. നാസർ (54), കായ്യത്ത് റോഡിലെ മുഹമ്മദ് അക്രം (40) എന്നിവരെയാണ് തലശ്ശേരി പൊലീസ് പിടികൂടിയത്. ഇവരിൽ നിന്ന് 258 ഗ്രാം ബ്രൗൺ ഷുഗർ പിടിച്ചെടുത്തു.
മുംബൈയിൽനിന്നും ട്രെയിൻ വഴി തലശ്ശേരിയിൽ ബ്രൗൺ ഷുഗറെത്തുന്നുണ്ടെന്ന് പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് നേത്രാവതി എക്സ്പ്രസിൽ വച്ച് മൂവരെയും പിടികൂടിയത്.
ഇവരിൽനിന്ന് ഷൂവിൽ ഒളിപ്പിച്ച നിലയിലാണ് ബ്രൗൺ ഷുഗർ കണ്ടെത്തിയത്. വിപണിയിൽ 13 ലക്ഷം രൂപയോളം വിലമതിക്കുന്ന ബ്രൗൺഷുഗറാണിത്. മുംബൈയിൽ നിന്ന് 2,20,000 രൂപക്കാണ് പ്രതികൾ ബ്രൗൺ ഷുഗർ വാങ്ങിയത്. ഗ്രാമിന് 5,000 രൂപ നിരക്കിൽ വിൽപനക്കായെത്തിച്ച ബ്രൗൺഷുഗറാണ് പിടികൂടിയത്.
പിടിയിലായ മുഹമ്മദ് അക്രമിനെ ലഹരിക്കടത്ത് കേസിൽ നേരത്തേ മുംബൈ പൊലീസ് പിടികൂടിയിരുന്നു. തലശ്ശേരിയുടെ ചുമതലയുള്ള ന്യൂമാഹി സി.ഐ പി.എ. ബിനുമോഹൻ, തലശ്ശേരി എസ്.ഐ പി.വി. പ്രശോഭ് ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ ശ്രീജേഷ്, സുജേഷ്, മിഥുൻ, അജിത്ത്, മഹേഷ്, രാഹുൽ, ബിനു എന്നിവരുടെ നേതൃത്വത്തിലായിരുന്നു ലഹരി വേട്ട. പ്രതികളെ റിമാൻഡ് ചെയ്തു.