
താഴെ പൂക്കോമിൽ കുടുംബശ്രീ നഗരചന്തയുടെ ബോർഡ് ടാർപായകൊണ്ട് മറച്ച് വ്യാപാരി
ജില്ല നേതാവ് പച്ചക്കറി കച്ചവടം നടത്തുന്നു
പാനൂർ: താഴെ പൂക്കോം ടൗണിൽ കുടുംബശ്രീ കിയോസ്ക് നഗരചന്തയിൽ വ്യാപാരി വ്യവസായി സമിതി ജില്ല നേതാവിന്റെ അനധികൃത പച്ചക്കറി കച്ചവടം. ഒരു മാസത്തോളമായി റോസ് കുടുംബശ്രീ യൂനിറ്റിന് അനുവദിച്ച കിയോസ്കിലാണ് ഈ വ്യാപാരി നേതാവിന്റെ അനധികൃത കച്ചവടം. ടാർപായകൊണ്ട് കുടുംബശ്രീയുടെ ബോർഡ് മറച്ചാണ് ടൗണിലെ മത്സ്യമാർക്കറ്റിനു സമീപം കച്ചവടം ചെയ്യുന്നത്. കുടുംബശ്രീക്ക് അനുവദിച്ച കിയോസ്കിൽ സ്വകാര്യ വ്യക്തികൾക്ക് കച്ചവടം പാടില്ലെന്ന നിയമം നിലനിൽക്കെയാണ് വ്യാപാരി നേതാവ് പരസ്യ നിയമലംഘനം നടത്തിയത്. ഇവിടെ നടത്തുന്ന ഇടപാടുകൾക്ക് ഇയാളുടെ ക്യൂ.ആർ കോഡും ഉപയോഗിക്കുന്നു. ഇക്കാര്യത്തിൽ നടപടിയാവശ്യപ്പെട്ട് തദ്ദേശവാസിയായ കോമത്ത് ആസിഫ് പാനൂർ നഗരസഭ ചെയർമാനും സെക്രട്ടറിക്കും പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കുടുംബശ്രീ യൂനിറ്റിനോട് നഗരസഭ സെക്രട്ടറി വിശദീകരണം തേടി.