ഇരിട്ടി: ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ മലയോരത്ത് പരക്കെ നാശം. കേരള-കർണാടക അതിർത്തി പാതയിൽ മരം വീണ് ഗതാഗതം നിലച്ചു. ഞായറാഴ്ച രാവിലെ 9.30 ഓടെ മാക്കൂട്ടം ചുരം പാതയിലാണ് സംഭവം. സമാന്തര റോഡില്ലാത്തതിനാൽ മണിക്കൂറുകളോളം വാഹനങ്ങൾ റോഡിൽ കുടുങ്ങി. അന്തർ സംസ്ഥാന പാതയിൽ മാക്കൂട്ടം ഫോറസ്റ്റ് ചെക്ക്പോസ്റ്റിൽനിന്നും രണ്ട് കിലോമീറ്റർ അകലെയാണ് കൂറ്റൻ മരം റോഡിലേക്ക് പതിച്ചത്.
തലനാരിഴക്കാണ് കേരളത്തിലേക്ക് വരികയായിരുന്ന മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽനിന്നും രക്ഷപ്പെട്ടത്. കാർ കടന്നുപോയി നിമിഷങ്ങൾക്കുള്ളിൽ മരം സമീപത്തെ ഇലക്ട്രിക് ലൈനുകൾ തകർത്തു റോഡിനു കുറുകെ പതിക്കുകയായിരുന്നു.
തുടർന്ന് ഇതുവഴി എത്തിയ വാഹനങ്ങൾ മരത്തിന് ഇരു വശത്തുമായി കുടുങ്ങി. ഒരു മണിക്കൂറോളം ഗതാഗതക്കുരുക്ക് നീണ്ടുനിന്നു. കർണാടക ഫോറസ്റ്റ് അധികൃതർ എത്തിയാണ് മരം മുറിച്ച് മാറ്റിയത്. സംഭവമറിഞ്ഞ് ഇരിട്ടി അഗ്നി രക്ഷാസേനയും സ്ഥലത്ത് എത്തി.
മണ്ണിടിച്ചിൽ വ്യാപകം
മലയോരത്ത് പലസ്ഥലങ്ങളിലും കനത്ത മഴ തുടരുന്നത് മണ്ണിടിച്ചിൽ ഉൾപ്പെടെ അപകടങ്ങൾക്ക് കാരണമായി. ഉളിക്കൽ പുറവയൽ റോഡിൽ ഹൈസ്കൂളിന് സമീപം മീറ്ററുകളോളം ഉയരമുള്ള മൺതിട്ട കനത്ത മഴയിൽ ഇടിഞ്ഞ് അപകടാവാസ്ഥയിൽ.
സ്കൂൾ വിദ്യാർഥികളും നാട്ടുകാരും ഉപയോഗിക്കുന്ന റോഡിന്റെ അപകടാവസ്ഥ നിരവധി തവണ രക്ഷിതാക്കൾ ബന്ധപ്പെട്ട അധികൃതരെ അറിയിച്ചിട്ടും ഒരു നടപടിയും എടുത്തില്ല. ഇരുവശവും വളരെ ഉയരത്തിൽ നിൽക്കുന്ന മൺതിട്ടയുടെ അടിഭാഗമാണ് ഇപ്പോൾ അടർന്നുവീണത്. ഇവിടം അടിയന്തിരമായി മണ്ണ് മാറ്റിയില്ലെങ്കിൽ വലിയ അപകട സാധ്യതയാണ് നിലനിൽക്കുന്നത്.
പുറവയലിൽ നിന്നും ഉളിക്കലിലേക്ക് വളരെ എളുപ്പത്തിൽ എത്താനുള്ള വഴിയായതിനാൽ വിദ്യാർഥികൾ അടക്കം നിരവധി പേരാണ് ഇതുവഴി യാത്ര ചെയ്യുന്നത്. കഴിഞ്ഞ തവണയും മഴയിൽ ഇവിടെ മണ്ണ് ഇടിഞ്ഞിരുന്നു. ഇത് നാലാം തവണയാണ് മണ്ണ് ഇടിഞ്ഞ് അപകടം നടക്കുന്നത്. രാത്രിയും മഴ തുടർന്നാൽ വീണ്ടും മണ്ണിടിയാൻ സാധ്യതയുള്ളതുകൊണ്ട് ഇതുവഴിയുള്ള ഗതാഗതം നിരോധിക്കണം എന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
ഉരുൾ പൊട്ടിയതായി സംശയം
കർണാടക വന മേഖലയിൽ ഉരുൾ പൊട്ടിയതായി സംശയം. വയത്തൂർ പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. ഇതേ തുടർന്ന് മണിക്കടവിനെയും മാട്ടറയെയും ബന്ധിപ്പിക്കുന്ന ചപ്പാത്തുപാലം പൂർണമായും വെള്ളത്തിൽ മുങ്ങി. മഴ തുടർന്നാൽ വട്ടിയാംതോട് വയത്തൂർ പാലങ്ങളും വെള്ളത്തിൽ മുങ്ങുന്ന അവസ്ഥയിലാണ്. കർണാടക വനമേഖലയിലും മഴ ശക്തമായതോടെയാണ് പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരാൻ കാരണം.
കിണർ താഴ്ന്നു
ഉളിക്കൽ പഞ്ചായത്തിൽ പേരട്ടയിലെ കല്ലൻതോടിൽ വളയൻകോട് രാധാകൃഷ്ണന്റെ വീടിനു സമീപത്തെ കിണർ കനത്ത മഴയിൽ പൂർണമായും തകർന്നു. വീടിനോട് ചേർന്ന 10 മീറ്ററോളം താഴ്ചയുള്ള കിണർ ഇടിഞ്ഞതോടെ വീട് അപകടാവസ്ഥയിലാണ്. വാർഡ് മെംബർ ബിജു വെങ്ങലപ്പള്ളി എത്തി രാധാകൃഷ്ണനെയും ഭാര്യ ശാന്തയെയും സുരക്ഷിതമായി മാറ്റിപാർപ്പിച്ചു.
വീട്ടുമതിലുകൾ ഇടിഞ്ഞു
കീഴൂരിൽ രണ്ടു വീടുകളുടെ മതിലുകൾ ഇടിഞ്ഞുവീണു. കീഴൂർ കണ്ണ്യത്ത് മടപ്പുരക്ക് സമീപം അമൃതത്തിൽ കെ.പി. രാജേന്ദ്രൻ, സന്നിധാൻ നിവാസിൽ പി. ബാബു എന്നിവരുടെ വീടുകളുടെ മുൻഭാഗത്തെ ചെങ്കൽ മതിലുകളാണ് ഇടിഞ്ഞത്.
രണ്ടു വീടുകളുടെയും വർഷങ്ങൾ പഴക്കമുള്ളതാണ് മതിലുകൾ. രണ്ടു ദിവസമായി കനത്ത മഴയാണ് മേഖലയിൽ പെയ്തുകൊണ്ടിരിക്കുന്നത്. മഴ ഇനിയും തുടർന്നാൽ വിണ്ടുകീറി നിൽക്കുന്ന മതിലിന്റെ ബാക്കി ഭാഗങ്ങളും കൂടി നിലംപതിക്കുമോ എന്ന ആശങ്കയിലാണ് വീട്ടുകാർ.