
തളിപ്പറമ്പ്: 12കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ റിമാൻഡിലായ യുവതിക്കെതിരെ 15കാരനെ പീഡിപ്പിച്ചതിനും കേസ്. തളിപ്പറമ്പ് പുളിമ്പറമ്പിലെ ആരംഭൻ സ്നേഹ മെർലിന് (23) എതിരെയാണ് വീണ്ടും പോക്സോ കേസ് ചുമത്തിയത്. നേരത്തെ പീഡനത്തിനിരയായ പെൺകുട്ടിയുടെ സഹോദരനെ യുവതി പീഡിപ്പിച്ചിരുന്നതായാണ് വെളിപ്പെടുത്തൽ.
തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ 12കാരിയെ ക്രൂരമായി പീഡിപ്പിച്ചതിനാണ് യുവതിയെ കഴിഞ്ഞ മാസം പൊലീസ് അറസ്റ്റ് ചെയ്തത്. സി.ഐ ഷാജി പട്ടേരിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ഈ കേസിൽ റിമാൻഡിൽ കഴിയുന്നതിനിടെയാണ് സ്നേഹ മെർലിൻ തന്നെയും പീഡിപ്പിച്ചിരുന്നതായി സഹോദരൻ മാതാപിതാക്കളോട് പറഞ്ഞത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.
നേരത്തെ, 12കാരിയുടെ ബാഗിൽനിന്ന് അധ്യാപിക കണ്ടെടുത്ത മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് പീഡനം സംബന്ധിച്ച് സംശയം ഉയർന്നത്. തുടർന്ന് രക്ഷിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. ചൈൽഡ്ലൈൻ അധികൃതർ നടത്തിയ കൗൺസലിങ്ങിലാണ് പീഡനം നടന്നത് സ്ഥിരീകരിച്ചത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.