കുത്തുപറമ്പ്: പൂക്കോട് വയോധികനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിലായി. പാട്യം കൊങ്ങാറ്റ പാലോറയിൽ പത്മനാഭനെയാണ് (61) കൂത്തുപറമ്പ് എസ്.ഐ മനോജിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. ഗുരുതരമായി പരിക്കേറ്റ പൂക്കോട് തൈക്കണ്ടി കോട്ടായി ഹൗസിൽ ടി.കെ. സുരേന്ദ്രൻ പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം.
വഴി ചോദിച്ചെത്തിയ വയോധികനെയാണ് പ്രതി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. മദ്യലഹരിയിലായിരുന്ന പ്രതി സംഭവത്തിന് ശേഷം രക്ഷപ്പെട്ടിരുന്നു. വഴി ചോദിച്ച് വീട്ടിലെത്തിയ പത്മനാഭന് സുരേന്ദ്രൻ വഴി പറഞ്ഞുകൊടുക്കുകയും ഇടവഴിയിലിറങ്ങി കാണിച്ചുകൊടുക്കുകയും ചെയ്തു. മദ്യലഹരിയിലായിരുന്ന പത്മനാഭൻ സുരേന്ദ്രനുമായി വാക്ക് തർക്കത്തിലാവുകയും കൈയിലുണ്ടായിരുന്ന കത്തി കൊണ്ട് കുത്തുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.