Fri. Apr 18th, 2025

വിഷ്ണുപ്രിയ വധക്കേസ്: ശ്യാംജിത്തിന് ജീവപര്യന്തം തടവും പിഴയും

വിഷ്ണുപ്രിയ വധക്കേസ്: ശ്യാംജിത്തിന് ജീവപര്യന്തം തടവും പിഴയും

തലശ്ശേരി: പ്രണയാഭ്യർഥന നിരസിച്ച വൈരാഗ്യത്തിൽ പാനൂർ വള്ള്യായിയിലെ കണ്ണച്ചൻകണ്ടി വീട്ടിൽ വിഷ്ണുപ്രിയയെ (23) വീട്ടിനകത്ത് അതിക്രമിച്ചു കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി കൂത്തുപറമ്പിനടുത്ത മാനന്തേരിയിലെ താഴെ കളത്തിൽ വീട്ടിൽ ശ്യാംജിത്തിന് (27) ജീവപര്യന്തം തടവും രണ്ടുലക്ഷം പിഴയും. വീട്ടിൽ അതിക്രമിച്ച് കയറിയതിന് പത്തുവർഷം തടവും 25000 രൂപ പിഴയും വിധിച്ചു. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. തലശ്ശേരി അഡീഷനൽ ജില്ല കോടതി (ഒന്ന്) ജഡ്ജി എ.വി. മൃദുലയാണ് കേസിൽ വിധി പ്രഖ്യാപിച്ചത്.

2022 ഒക്ടോബർ 22ന് രാവിലെ 11.45 നാണ് വിഷ്ണുപ്രിയ വീട്ടിനകത്ത് ദാരുണമായി കൊല്ലപ്പെട്ടത്. പൊന്നാനി സ്വദേശിയായ സുഹൃത്തുമായി ഫോണിൽ സംസാരിക്കുന്നതിനിടയിൽ കിടപ്പുമുറിയിൽ അതിക്രമിച്ചു കയറിയ പ്രതി ശ്യാംജിത്ത് വിഷ്ണുപ്രിയയെ തലക്കടിച്ചു വീഴ്ത്തിയ ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാണ് കേസ്.

2023 സെപ്റ്റംബർ 21 നാണ് കേസിൻ്റെ വിചാരണ തുടങ്ങിയത്. സംഭവം നടന്ന് ഒരുവർഷം പൂർത്തിയാകുന്നതിന് മുമ്പ് വിചാരണ തുടങ്ങി. പ്രതി ജുഡീഷ്യൽ കസ്റ്റഡിയിലായതിനാലാണ് വിചാരണ വേഗത്തിലായത്. കേസിൽ 73 സാക്ഷികളാണുള്ളത്. പാനൂരിൽ സ്വകാര്യ ആശുപത്രിയിൽ ഫാർമസിസ്റ്റായി ജോലിചെയ്തുവരികയായിരുന്നു വിഷ്ണുപ്രിയ. ദൃക്സാക്ഷികളില്ലാത്ത കേസിൽ സാഹചര്യ തെളിവും ശാസ്ത്രീയ തെളിവുകളും കോടതിയിൽ ഹാജരാക്കി. സംഭവദിവസം രാവിലെ 10നും 12നുമിടയിലാണ് സംഭവമെന്നാണ് പൊലീസ് കോടതിയിൽ നൽകിയ കുറ്റപത്രത്തിൽ പറഞ്ഞത്. 

സംഭവത്തിന്റെ രണ്ടുദിവസം മുമ്പ് പ്രതി കൂത്തുപറമ്പിലെ  കടയിൽനിന്ന് ചുറ്റികയും കൈയുറയും വാങ്ങിയിരുന്നു. ഇവ വാങ്ങുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്ത് കുമാർ കോടതിയിൽ ഹാജരാക്കിയിരുന്നു. പ്രതിഭാഗത്തിന് വേണ്ടി അഡ്വ.എസ്. പ്രവീൺ, അഡ്വ.അഭിലാഷ് മാത്തൂർ എന്നിവരാണ് ഹാജരായത്.

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!