ഇരിട്ടി: വിവിധയിടങ്ങളിലെ മിന്നൽ ചുഴലിയിൽ വ്യാപക നാശം. ഇരിട്ടി നഗരസഭയിലെ നേരംപോക്ക്, നരിക്കുണ്ടം മേഖലകളിൽ മിന്നൽ ചുഴലിയിൽ വ്യാപക നാശം. മരംവീണും ഓടുകളും മേൽക്കൂരയും പാറിപ്പോയും ആറോളം വീടുകൾക്ക് ഭാഗികമായി നാശം നേരിട്ടു. മരങ്ങൾ കടപുഴകിയും പൊട്ടിയും വീണ് നിരവധി വൈദ്യുതിത്തൂണുകൾ തകർന്നു. നേരംപോക്ക്-നരിക്കുണ്ടം-താലൂക്ക് ആശുപത്രി റോഡിലും നരിക്കുണ്ടം-കാലൂന്നുകാട് റോഡിലും മരങ്ങൾ വീണും വൈദ്യുതിത്തൂണുകൾ ഒടിഞ്ഞുവീണും ഗതാഗതം തടസ്സപ്പെട്ടു. ഞായറാഴ്ച പുലർച്ച നാലോടെയാണ് സംഭവം. പുരയിടങ്ങളിലെ തെങ്ങ്, കവുങ്ങ്, തേക്ക്, പ്ലാവ് തുടങ്ങിയവയാണ് ഏറെയും കടപുഴകിയത്.
നേരംപോക്ക് അമ്പലം റോഡിലെ റിട്ട. അധ്യാപകൻ പി.എൻ. കരുണാകരൻ നായരുടെ വീടിനു മുകളിൽ രണ്ട് തെങ്ങുകളും ഒരു കവുങ്ങും വീണ് വീടിന്റെ ടെറസിലും അടുക്കള ഭാഗത്തും കേടുപാടുകൾ സംഭവിച്ചു. നരിക്കുണ്ടത്തെ കെ.പി. പ്രകാശൻ മാസ്റ്ററുടെ വീടിന്റെ രണ്ടാംനിലയിലെ ഒരു ഭാഗത്തെ ഓടുകൾ മുഴുവൻ കാറ്റിൽ പാറിപ്പോയി. ഇതിന് സമീപത്തെ ചാത്തോത്ത് പ്രസന്നയുടെ വീടിന്റെ മേൽക്കൂരയുടെ നിരവധി ഓടുകളും കാറ്റിൽ ഇളകിവീണ് നശിച്ചു. അളോറ ശൈലജയുടെ ഓടിട്ട വീടിന് മുകളിൽ രണ്ട് കവുങ്ങ് പൊട്ടിവീണ് വീടിന്റെ മേൽക്കൂര തകർന്നു. പി.എം. രവീന്ദ്രന്റെ ഓടിട്ട വീടിന് മുകളിലേക്ക് മരങ്ങൾ വീണ് വീടിന്റെ അടുക്കളഭാഗം തകർന്നു. അനീഷ് പണിക്കരുടെ ഉടമസ്ഥതയിലുള്ള ഹോസ്റ്റലിന്റെ മുകൾ ഭാഗത്തെ റൂഫിങ് ഷീറ്റുകൊണ്ട് നിർമിച്ച മേൽക്കൂര കാറ്റിൽ പാറി കെട്ടിടത്തിൽനിന്നും 50 മീറ്ററിലധികം ദൂരെയുള്ള ശ്രീപോർക്കലി ഭഗവതി കോട്ടത്തിന് സമീപം വീണു. കോട്ടത്തിന്റെ മുകളിൽ വീഴാതെ മേൽക്കൂരയുടെ ഒരു മൂലയിൽ മാത്രം തട്ടിനിന്നതിനാൽ കെട്ടിടത്തിന് തകരാർ സംഭവിച്ചില്ല.
ഇരിട്ടി പഴയ സ്റ്റാൻഡിലെ കെ.കെ ടൂറിസ്റ്റ് ഹോമിന്റെ ഉടമസ്ഥതയിലുള്ള ഷെഡിന്റെ മുകളിൽ സമീപവാസിയുടെ പറമ്പിലെ മരം പൊട്ടിവീണ് മേൽക്കൂരക്ക് നാശമുണ്ടായി. ഇവിടെത്തന്നെ തെങ്ങ് പൊട്ടിവീണ് സ്ഥാപനത്തിന്റെ അലക്കുപുര പാടേ തകർന്നു. സമീപത്തെ ഇലക്ട്രിക് പോസ്റ്റും തകർന്നു. നേരംപോക്ക് നരിക്കുണ്ടം റോഡിൽ വിവിധയിടങ്ങളിലായി മരംവീണ് അഞ്ചോളം ഇലക്ട്രിക് തൂണുകളും വൈദ്യുതിലൈനുകളും തകർന്നു.
അനീഷ് പണിക്കരുടെ പറമ്പിലെ കൂറ്റൻ തേക്കുമരം മതിലിനു മുകളിലേക്കും റോഡിലേക്കുമായി മറിഞ്ഞുവീണു. നാട്ടുകാർ മരങ്ങൾ മുറിച്ചുമാറ്റിയാണ് മണിക്കൂറുകളോളം തടസ്സപ്പെട്ട ഗതാഗതം പുനഃസ്ഥാപിച്ചത്. പായം കോണ്ടമ്പ്ര തട്ടിലെ കെ.പി. പ്രമോദിന്റെ വീടിന്റെ മേൽക്കൂര തകർന്നു. ആസ്ബസ്റ്റോസ് ഷീറ്റിട്ട വീടിന്റെ മേൽക്കൂരയാണ് ഞായറാഴ്ച രാവിലെയുണ്ടായ ശക്തമായ കാറ്റിൽ തകർന്നത്. ഈ സമയം വീട്ടിൽ ആളുകൾ ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പടിയൂർ പുലിക്കാട്ടിൽ ടൗണിലെ തടിക്കൽ ശശിധരന്റെ കട കനത്ത മഴയിലും കാറ്റിലും പൂർണമായും തകർന്നുവീണു. ചെങ്കല്ലും ആസ്ബസ്റ്റോസ് ഷീറ്റുംകൊണ്ട് നിർമിച്ച കട കുറച്ചു നാളായി പ്രവർത്തിക്കുന്നില്ലായിരുന്നു.
ഒരേക്കർ വാഴക്കൃഷി നശിച്ചു
പയ്യന്നൂർ: വെള്ളോറക്കടുത്ത് ഞായറാഴ്ച പുലർച്ചയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ഒരേക്കറോളം സ്ഥലത്തെ ഏത്തവാഴ കൃഷി നശിച്ചു. വെള്ളരിയാനം മുണ്ടപ്രത്ത് പ്രദീഷ് കുട്ടന്റെ വാഴക്കൃഷിയാണ് പൂർണമായും നശിച്ചത്.
വാഴ കുലച്ചതാണെങ്കിലും വിൽപന നടത്താൻ പാകമായിട്ടില്ല. നൂറിലധികം വാഴകളാണ് നശിച്ചത്. വാഴ കൂടാതെ ഇടവിളയായി കൃഷി ചെയ്ത മരച്ചീനിയും നശിച്ചിട്ടുണ്ട്. കൃഷി വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചതായി ഉടമ പറഞ്ഞു. ഏറെ മുതൽമുടക്കിൽ ഒരുക്കിയ കൃഷി നശിച്ചതിനാൽ സർക്കാറിന്റെ ഭാഗത്തുനിന്ന് സാമ്പത്തിക സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കർഷകൻ.
മരം വീണ് ഗതാഗതം മുടങ്ങി
പേരാവൂർ: ഇടക്കിടെ ഉണ്ടാകുന്ന ചുഴലിക്കാറ്റും കനത്ത മഴയുംമൂലം മലയോര മേഖലകളിൽ ജനജീവിതം ദുരിതപൂർണമായി. കാറ്റിൽ കടപുഴകിയ മരങ്ങൾ വൈദ്യുതിത്തൂണുകളും ലൈനുകളും തകർത്തതും ഇവ പൂർണതോതിൽ പുനഃസ്ഥാപിക്കാൻ കഴിയാത്തതുംമൂലം പല മേഖലകളിലും ജനജീവിതം ദുസ്സഹമായി. പേരാവൂർ-നിടുംപൊയിൽ റോഡിലെ തെറ്റുവഴി ജങ്ഷനിൽ കൂറ്റൻ മരം കടപുഴകിയതിനാൽ പേരാവൂർ, തൊണ്ടിയിൽ ഭാഗങ്ങളിൽനിന്ന് നിടുംപൊയിലിലേക്കുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. മണിക്കൂറുകൾക്ക് ശേഷം തടസ്സങ്ങൾ നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.
മരം വീണ് സംസ്ഥാന പാതയിൽ രണ്ടു മണിക്കൂറോളം ഗതാഗതം മുടങ്ങി. മലയോര മേഖലയിൽ വൈദ്യുതി ബന്ധങ്ങൾ പുനഃസ്ഥാപിക്കാൻ ഇനിയും ബാക്കി. തുണ്ടിയിൽ സെക്ഷനിൽ നിരവധി ഇടങ്ങളിലാണ് വൈദ്യുതിലൈനിനു മുകളിൽ മരം വീണത്. പേരാവൂർ വില്ലേജ് പരിധിയിൽ മരം വീണ് പത്തിലധികം വീടിന്റെ മേൽക്കൂര ഭാഗികമായി തകർന്നു. മലയോര മേഖലയിലെ പലമേഖലകളിലും മൂന്ന് ദിവസത്തോളമായി വൈദ്യുതി ബന്ധം താളംതെറ്റിയിരിക്കയാണ്. പലയിടങ്ങളിലും ഭാഗികമായി മാത്രമാണ് പുനഃസ്ഥാപിച്ചത്. രാപ്പകലില്ലാതെ ഓടിത്തളരുകയാണ് അഗ്നിരക്ഷാസേനയും വൈദ്യുതി വകുപ്പും ഇ.ആർ.ടി സംഘവും.
വീടുകളുടെയും കടയുടെയും മേൽക്കൂര തകർന്നു
ശ്രീകണ്ഠപുരം: ഞായറാഴ്ച പുലർച്ച വീശിയടിച്ച കാറ്റിൽ ശ്രീകണ്ഠപുരം മേഖലയിൽ വ്യാപക നാശം. സംസ്ഥാന പാതയിൽ ശ്രീകണ്ഠപുരം കോട്ടൂരിൽ അടച്ചിട്ട കടയുടെ മുകളിൽ മരം വീണു. എസ്.ഇ.എസ് കോളജ് സ്റ്റോപ്പിലെ പഴയ കെട്ടിടത്തിനു മുകളിലാണ് മരം പതിച്ചത്. മേൽക്കൂര തകർന്നു. മൈക്കിൾഗിരി, കാഞ്ഞിലേരി ഭാഗങ്ങളിൽ നിരവധി വീടുകളുടെ മേൽക്കൂര ഷീറ്റുകൾ കാറ്റിൽ നിലംപതിച്ചു. കരിമ്പിൽ വിൻസെന്റിന്റെ വീടിന്റെ മേൽക്കൂര പൂർണമായും തകർന്നുവീണു.
കഴിഞ്ഞ മാസം വലിയ തുക ചെലവാക്കി പണിത മേൽക്കൂരയാണ് കാറ്റിൽ പാറിപ്പോയത്. കൂടാതെ പുതുശേരി ചാക്കോ, പുതുശേരി അരുൺ, കരിമ്പിൽ ഷിജോ തുടങ്ങിയവരുടെ വീടിന്റെ മേൽക്കൂരയും ഭാഗികമായി തകർന്നു. കാഞ്ഞിലേരിയിൽ പൂരൽപുരയിൽ പ്രകാശന്റെ വീടിന്റെ മുകൾ ഭാഗത്തേക്ക് കൂറ്റൻ മരം കടപുഴകി ആസ്ബസ്റ്റോസ് ഷീറ്റ് തകർന്നു. മടമ്പത്ത് മരം വീണ് രാമച്ചനാട്ട് ഷൈജുവിന്റെ വീട് ഭാഗികമായി തകർന്നു.
തകർന്ന വീടുകൾ നഗരസഭ ചെയർപേഴ്സൻ ഡോ. കെ.വി. ഫിലോമിന, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എൻ.ജെ. സ്റ്റീഫൻ, വി.വി. സന്തോഷ്, എബ്രഹാം വഞ്ചിയിൽ, രാജൻ തുടങ്ങിയവർ സന്ദർശിച്ചു.
കെട്ടിടങ്ങളുടെ മേൽക്കൂര പാറിപ്പോയി
ശ്രീകണ്ഠപുരം: ഞായറാഴ്ച ആഞ്ഞു വീശിയ കാറ്റിൽ ചെങ്ങളായിയിൽ കെട്ടിടങ്ങളുടെ മേൽ പാകിയ ഷീറ്റുകൾ പാറിപ്പോയി. ചെങ്ങളായി ടൗണിൽ ഓട്ടോ പാർക്കിങ്ങിനടുത്ത മൂന്നുനില കെട്ടിടത്തിന്റെയും ചെങ്ങളായി പി.എച്ച്.സി കെട്ടിടത്തിന്റെയും മുകളിൽ വിരിച്ച വലിയ മേൽക്കൂര ഷീറ്റുകളാണ് നിലംപതിച്ചത്.
അന്തർ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ആറ് മുറികളുടെ മേൽക്കൂരയാണ് പാറിപ്പോയത്. തൊഴിലാളികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പുലർച്ചയായതിനാലും സംസ്ഥാന പാതയിലേക്ക് വീഴാത്തതിനാലുമാണ് വൻ ദുരന്തം ഒഴിവായത്.
ചെങ്ങളായി അരിമ്പ്രയിലുള്ള പി.എച്ച്.സി കെട്ടിടത്തിന്റെ ഷീറ്റ് ചെങ്ങളായി മാപ്പിള എൽ.പി സ്കൂൾ റോഡിലേക്കാണ് പതിച്ചത്. തുടർന്ന് ഇതുവഴി വാഹന ഗതാഗതം തടസ്സപ്പെട്ടു. പലയിടത്തും വൈദ്യുതി നിലച്ചെങ്കിലും വൈകീട്ടോടെ പുനഃസ്ഥാപിച്ചു.
കാലവര്‍ഷക്കെടുതി: കണ്ണീരോടെ കര്‍ഷകര്‍
ചെറുപുഴ: കഴിഞ്ഞദിവസങ്ങളില്‍ മലയോരത്ത് വീശിയടിച്ച കാറ്റും കനത്തമഴയും തല്ലിക്കെടുത്തിയത് മലയോരത്തെ നിരവധി കര്‍ഷകരുടെ വലിയ പ്രതീക്ഷകളെ. റബറും കവുങ്ങും തെങ്ങും പൊട്ടിവീണ് ഹ്രസ്വകാല വിളകള്‍ കൃഷിചെയ്തവര്ക്കാണ് വലിയ തോതില്‍ നഷ്ടം സംഭവിച്ചത്. വാഴയും ചേമ്പും ചേനയും നശിച്ച കര്‍ഷകരെല്ലാം വലിയ വിളവ് പ്രതീക്ഷിച്ചിരുന്നവരാണ്.
ചെറുപുഴ വയലായിലെ അഴകത്ത് രാജു ഇത്തരത്തില്‍ നഷ്ടം നേരിട്ട കര്‍ഷകരിലൊരാളാണ്. വിളവെടുക്കാന്‍ കാത്തിരിക്കെ അപ്രതീക്ഷിതമായി വീശിയടിച്ച കാറ്റില്‍ രാജുവിന്റെ 150ഓളം നേന്ത്രവാഴകളാണ് നിലംപതിച്ചത്. ഒരു തടത്തില്‍ രണ്ടു തൈകള്‍ വീതം നട്ട് ശാസ്ത്രീയമായി നേന്ത്രക്കുല വിളവെടുക്കുന്ന കര്‍ഷകനാണ് രാജു. ഓരോ തൈയും മറ്റൊന്നിന് താങ്ങാകും എന്നതിനാല്‍ ഈ രീതിയില്‍ വാഴ നടുമ്പോള്‍ പ്രത്യേകിച്ച് താങ്ങുനല്കാറില്ല.
ഇങ്ങനെ നട്ടതിലൂടെ കഴിഞ്ഞ രണ്ടു വര്‍ഷവും മികച്ച വിളവ് ലഭിച്ച വാഴത്തോട്ടമായിരുന്നു ഇത്. എന്നാല്‍, എല്ലാ പ്രതീക്ഷകളെയും തെറ്റിച്ചാണ് ഇത്രയധികം വാഴകള്‍ നിലംപൊത്തിയത്. കുലകള്‍ മൂപ്പെത്താന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് വാഴത്തോട്ടം പൂര്‍ണമായി ഇല്ലാതായത്. തൈകള്‍ കുഴിച്ചുവെച്ച സമയത്തെ കടുത്ത വേനലില്‍ നിരന്തരം ജലസേചനം ചെയ്ത് വളര്‍ത്തിയെടുത്ത വാഴകളായിരുന്നു എല്ലാം. സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്തുവരുന്ന രാജുവിനെപോലെ നിരവധി ചെറുകിട കര്‍ഷകരുടെ സ്വപ്നങ്ങളാണ് കാലവര്‍ഷക്കെടുതിക്ക് ഇരയായത്.
വീടിനു മുകളിൽ മരങ്ങൾ പൊട്ടിവീണു
തളിപ്പറമ്പ്: ശക്തമായ കാറ്റിൽ വീടിനു മുകളിലേക്ക് മരങ്ങൾ പൊട്ടിവീണു. തൃച്ചംബരം പെട്രോൾ പമ്പിന് സമീപത്തെ പള്ളൻ വീട്ടിൽ മോഹനന്റെ വീടിനു മുകളിലേക്കാണ് വീണത്. ഞായറാഴ്ച പുലർച്ചയുണ്ടായ ശക്തമായ കാറ്റിൽ സമീപത്തെ പറമ്പിലെ നെല്ലിമരം, തെങ്ങ് എന്നിവ വീഴുകയായിരുന്നു. വീടിന്റെ അടുക്കള ഭാഗത്തെ ഓടും ഷീറ്റും തകർന്നു. ഓട്ടോ തൊഴിലാളിയായ മോഹനനും ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ആർക്കും പരിക്കില്ല.