പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി പഞ്ചായത്തിൽപ്പെട്ട ഭഗത് സിങ് തുരുത്തിൽ ഭൂമി സർവേ നടത്താൻ പോയ ജീവനക്കാർ തിരികെവരാൻ സാധിക്കാതെ കുടുങ്ങി. ഒടുവിൽ കണ്ണൂരിൽ നിന്നുമെത്തിയ അഗ്നിരക്ഷസേന റബർ ഡിങ്കിയിൽ കയറ്റിയാണ് ഇവരെ കരയിലെത്തിച്ചത്. സർവേ ജീവനക്കാരെ ബോട്ടിൽ രാവിലെ ഇവിടെ എത്തിച്ചതായിരുന്നു. വൈകീട്ട് തിരികെ കരയിലേക്ക് കൊണ്ടുവരാൻ പോയ ബോട്ട്, പുഴയിൽ വെള്ളം പെട്ടെന്ന് കുറഞ്ഞുപോയതിനാൽ ചളിയിൽ താഴ്ന്ന് കേടായി. തുടർന്ന് അഗ്നിരക്ഷസേനയുടെ സഹായം തേടുകയായിരുന്നു. ഉടൻ കണ്ണൂരിൽ നിന്നുമെത്തിയ അഗ്നിരക്ഷസേനയാണ് ഇവരെ കരയിലെത്തിച്ചത്.
ഹെഡ് സർവേയർ ഇൻ ചാർജ് ഷിനു, സർവേയർമാരായ നൂറാ റഹീം, അഖിൽ, ബ്രിജേഷ് എന്നിവരും രണ്ട് സഹായികളും ഉണ്ടായിരുന്നു. അഗ്നിരക്ഷസേന സ്റ്റേഷൻ ഓഫിസർ ടി. അജയൻ, അസി. സ്റ്റേഷൻ ഓഫിസർ ആർ. പ്രസേന്ദ്രൻ, എ. കുഞ്ഞിക്കണ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് സർവേയർമാരെ കരയിലെത്തിച്ചത്. ഡോ. ബഡ്വാളിന്റെ ഭൂമി സർവേ ചെയ്യാൻ വേണ്ടിയാണ് സർവേയർമാർ ഭഗത് സിങ് അയലൻഡിൽ എത്തിയത്.