പയ്യന്നൂർ: മലയാള ഭാഷയുടെ സുകൃതം എം.ടി. വാസുദേവൻ നായർ വിടവാങ്ങുന്നത് കണ്ണൂരിലും ഒരുപിടി ഓർമകൾ അവശേഷിപ്പിച്ചാണ്. ഏറെക്കാലമായി കോഴിക്കോട് താമസമാക്കിയ എം.ടി സാഹിത്യസംഗമങ്ങളിലും പരിപാടികൾക്കുമായി കണ്ണൂരിന്റെ വിവിധ ഭാഗങ്ങളിൽ എത്തിയിരുന്നു. ജില്ലയിലെ എഴുത്തുകാരും സുഹൃത്തുക്കളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. എം.ടി ഓർമയാകുമ്പോൾ കണ്ണീർ പൊഴിക്കുകയാണ് കണ്ണൂരിലെ സാഹിത്യ-സാംസ്കാരിക മണ്ണും.
അത്യുത്തര കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായി അറിയപ്പെടുന്ന പയ്യന്നൂരിന് സാഹിത്യത്തിന്റെ ഹിമവാൻ എം.ടിയെക്കുറിച്ചും പറയാനുണ്ട് കാലം മായ്ച്ചുകളയാത്ത ചില ഓർമകൾ. വളരെ പ്രശസ്തമായ രണ്ട് പുരസ്കാരങ്ങൾ നൽകിയാണ് പയ്യന്നൂർ, മലയാളിയുടെ മനസ്സിൽ ഗൃഹാതുരത്വത്തിന്റെ മഞ്ഞുതുള്ളികൾ വർഷിച്ച സാഹിത്യകാരനെ നാടിനോട് ചേർത്തുനിർത്തിയത്. അതിലൊന്ന് മലയാള ഭാഷാ പാഠശാല 2005ൽ നൽകിയ ചന്തുമേനോൻ സ്മാരക അവാർഡായിരുന്നു. ഏച്ചൂർ നളന്ദ കോളജായിരുന്നു അവാർഡ് സമർപ്പണ വേദി. എന്നാൽ, അവാർഡ് സ്വീകരിച്ച ശേഷം പാഠശാല ഡയറക്ടർ ടി.പി. ഭാസ്കര പൊതുവാൾ മാഷിന്റെ പയ്യന്നൂരിലെ വീട്ടിലെത്തി ഭക്ഷണം കഴിച്ച് ഏറെ നേരം വിശ്രമിച്ച ശേഷമായിരുന്നു മടക്കയാത്ര.�
�മലയാള ഭാഷാ പാഠശാല ഉദ്ഘാടനം ചെയ്യാൻ കണ്ണൂർ താവക്കര എത്തിയപ്പോൾ�
വിദ്വാൻ എ.കെ. കൃഷ്ണൻ മാസ്റ്ററുടെ സ്മരണയിലുള്ള മൂന്നാമത് എ.കെ.പി. അവാർഡ് 2011ൽ സമ്മാനിച്ചതായിരുന്നു പയ്യന്നൂരിനെ പുരസ്കൃതമാക്കിയ രണ്ടാമൂഴം. അന്ന് എം.ടി എ.കെ.പി. ഓറിയന്റൽ റിസർച്ച് ആൻഡ് പബ്ലിക് ലൈബ്രറിയുടെ തറക്കല്ലിടലിൽ മുഖ്യാതിഥിയുമായി എന്നതും മറ്റൊരു ചരിത്രം. കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ ഡോ. ജാൻസി ജയിംസാണ് ശിലയിട്ടത്.
അവാർഡ് സമ്മാനിച്ചത് എ.കെ. രാമകൃഷ്ണൻ മാസ്റ്റർ. ആലങ്കോട് ലീലാകൃഷ്ണൻ, ഡോ. ജാൻസി ജയിംസ്, പ്രഫ. മേലത്ത് ചന്ദ്രശേഖരൻ, പ്രഫ. ബി. മുഹമ്മദ് അഹമ്മദ്, പി. അപ്പുക്കുട്ടൻ, ടി.പി. ഭാസ്കര പൊതുവാൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഈ യാത്രയിൽ അന്നൂർ സഞ്ജയൻ സ്മാരക വായനശാലയിലെത്തി സന്ദർശക പുസ്തകത്തിൽ കൈയൊപ്പു ചാർത്തി എന്നതും പയ്യന്നൂരിന്റെ നേട്ടം.
ഇതിനു മുമ്പ് കാപ്പാട്ടു കഴകം പെരുങ്കളിയാട്ട വേദിയും ധന്യമാക്കിയിരുന്നു ആ ജ്ഞാനസാഗരം. 1996 മാർച്ച് ആറിന് പെരുങ്കളിയാട്ട സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയത് നാലുകെട്ടിന്റെ കഥാകാരനായിരുന്നു. ടി.പി. ഭാസ്കര പൊതുവാളിന്റെ നേതൃത്വത്തിൽ കണ്ണൂരിൽ തുടക്കം കുറിച്ച മലയാള ഭാഷാപാഠശാലയുടെ ഉദ്ഘാടനം 2002ൽ നിർവഹിച്ചതും എം.ടിയായിരുന്നു. അന്ന് താവക്കരയിലായിരുന്നു പരിപാടി. വാഹനമിറങ്ങി വേദിയിലേക്ക് നടന്നുവരുന്ന എം.ടിയെ കാണാൻ നിരവധി നാട്ടുകാർ എത്തിയിരുന്നു.�
1996 മാർച്ച് ആറിന് കാപ്പാട്ടു കഴകം പെരുങ്കളിയാട്ട സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു
ഭാസ്കര പൊതുവാളുമായി ആത്മബന്ധം
പയ്യന്നൂരിൽ കലാ സാഹിത്യ അധ്യാപന രംഗത്ത് സജീവ സാന്നിധ്യമായ ടി.പി. ഭാസ്കര പൊതുവാളുമായി ആത്മബന്ധം പുലർത്തിയിരുന്നു എം.ടി. പലപ്പോഴും ഫോൺ വിളിക്കാറുള്ളതായും ‘പൊതുവാൾ സുഖമായിരിക്കുന്നോ?’ എന്ന ചോദ്യത്തിൽ മാത്രമായി വിളി ഒതുക്കിയിരുന്നതായും ഭാസ്കര പൊതുവാൾ പറഞ്ഞു. എന്നാൽ, ആ ശബ്ദം നൽകിയ ഇന്ധനം ചെറുതല്ലെന്നും അദ്ദേഹം പറയുന്നു.�
ചന്തുമേനോൻ അവാർഡുദാന ചടങ്ങിൽ ടി.പി. ഭാസ്കര പൊതുവാളിനൊപ്പം (ഫയൽ ചിത്രങ്ങൾ)
എഴുത്തുകാർ നിരവധി പേരുണ്ടാവാം. എന്നാൽ, മലയാളത്തിന് അന്നും ഇന്നും എന്നും ഒരു എം.ടി മാത്രമേ ഉണ്ടാവുകയുള്ളൂ. അതുകൊണ്ടുതന്നെ ആ സാന്നിധ്യം അൽപായുള്ളതായാൽപോലും കാലത്തിന് മായ്ച്ചുകളയാനാവില്ല എന്നതിന് പയ്യന്നൂരും സാക്ഷിയാണ്, ആ സന്ദർശനങ്ങളിലൂടെ.�
ഔദ്യോഗിക ജീവിതം തുടങ്ങിയത് തളിപ്പറമ്പിൽ
കണ്ണൂർ: മലയാളത്തിന്റെ പ്രിയ എം.ടി. വാസുദേവൻ നായർ സർക്കാർ സർവിസിൽ ഔദ്യോഗിക ജീവിതം തുടങ്ങിയത് കണ്ണൂർ തളിപ്പറമ്പിൽ. 1959ൽ ഗ്രാമസേവകനായാണ് ജോലിയിൽ പ്രവേശിച്ചത്. പക്ഷേ, രണ്ട് ദിവസത്തിനകം രാജിവെച്ചൊഴിഞ്ഞു. ഗാന്ധിയൻ മാർഗത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ പുകവലിക്ക് നിയന്ത്രണമുള്ളതിനാലാണ് എം.ടി രാജിവെച്ചതെന്നും കഥയുണ്ട്. ഇക്കാര്യം അദ്ദേഹത്തിന്റെ കാലം എന്ന നോവലിൽ സേതു എന്ന കഥാപാത്രത്തിലൂടെ പറയുന്നുണ്ട്.
പാലക്കാട് എം.ബി ടൂട്ടോറിയലിൽ അധ്യാപകനായി ജോലി ചെയ്യുന്നതിനിടയിലാണ് ഗ്രാമസേവകന്റെ കുപ്പായമണിഞ്ഞത്. എഴുത്താണ് ജീവിതമെന്ന് തിരിച്ചറിഞ്ഞാണ് തിരിച്ച് എം.ബി കോളജിലേക്ക് മടങ്ങിയത്. വൈകാതെ മാതൃഭൂമിയിൽ സബ് എഡിറ്ററായി ഔദ്യോഗിക ജീവിതമാരംഭിച്ചു. ജോലി ചെയ്തെങ്കിലും എം.ടിക്ക് തളിപ്പറമ്പിൽ സൗഹൃദങ്ങൾ കുറവായിരുന്നു. അന്ന് ഒന്നിച്ച് ജോലി ചെയ്തവരിൽ ആരും ഇന്ന് ജീവനോടെയുമില്ല. എം.ടി ജോലിക്കെത്തിയ അന്നത്തെ കരിമ്പം ഇ.ടി.സി ഇപ്പോൾ കില സെന്ററാണ്.
സ്വതന്ത്ര ഇന്ത്യയില്‍ ഗ്രാമവികസനത്തിനായി കമ്യൂണിറ്റി പ്രോജക്ടുകളും നാഷനല്‍ എക്സ്റ്റന്‍ഷന്‍ സർവിസ് ബ്ലോക്കുകളും ഉണ്ടായപ്പോള്‍ ഈ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കാനാണ് ഗ്രാമസേവകരെ നിയമിച്ചത്. പിന്നീടത് വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ എന്ന് ഔദ്യോഗികമായി നാമകരണം ചെയ്യപ്പെട്ടു. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ദിശാബോധം നല്‍കുകയും ജനങ്ങൾക്കിടയില്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കുകയുമാണ് ഗ്രാമസേവകരുടെ കടമ. അക്ഷരങ്ങളിലൂടെ ജനങ്ങൾക്ക് ദിശാബോധം നൽകാനായിരുന്നു എം.ടിയുടെ നിയോഗം.