കണ്ണൂർ: പെരിയ ഇരട്ടക്കൊല കേസിൽ പാർട്ടി നേതാക്കളുടെ പങ്ക് വെളിപ്പെട്ട സി.ബി.ഐ കോടതി വിധിയുടെ ഞെട്ടൽ മാറും മുമ്പേ, എ.ഡി.എം നവീൻബാബു കേസ് സി.ബി.ഐക്ക് വിടുന്ന കാര്യത്തിലെ ഹൈകോടതി വിധി സി.പി.എമ്മിന് നിർണായകമാകും. തിങ്കളാഴ്ചയാണ് കേസിൽ കോടതി വിധി പറയുക.
തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തെത്തുകയും പാർട്ടി ജില്ല സമ്മേളനങ്ങൾ പുരോഗമിക്കുകയും ചെയ്യുന്ന സമയത്ത് കൊലപാതക രാഷ്ട്രീയം വീണ്ടും ചർച്ചയാവുന്നതിൽ നേതൃത്വം അസ്വസ്ഥരാണ്. കൊലകളിലൊന്നും പാർട്ടിക്ക് പങ്കില്ലെന്ന് നേതാക്കൾ ആവർത്തിക്കുമ്പോഴും പ്രതികളുടെ പാർട്ടി ബന്ധങ്ങളും നിയമയുദ്ധം നടത്തുന്നത് ആരെന്നതും അങ്ങാടിപ്പാട്ടാണ്.
എ.ഡി.എമ്മിന്റെ മരണത്തിൽ കണ്ണൂർ ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റും സി.പി.എം നേതാവുമായ പി.പി. ദിവ്യയാണ് ഏക പ്രതി. ആത്മഹത്യ പ്രേരണക്കേസ് ചുമത്തിയയുടൻ തന്നെ ഇവരെ ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് സി.പി.എം നീക്കി. ജയിലിൽ കഴിയുന്നതിനിടെ ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്നതിന്റെ തലേന്ന് ജില്ല കമ്മിറ്റിയിൽനിന്ന് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. ഇങ്ങനെ ചെയ്തെങ്കിലും, മരണത്തിൽ ദുരൂഹത ഉന്നയിച്ച് എ.ഡി.എമ്മിന്റെ കുടുംബം ആദ്യം മുതലേ രംഗത്തുണ്ട്.
കെട്ടിത്തൂക്കി കൊലപ്പെടുത്തിയെന്നും ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം എന്നിവ ബന്ധുക്കളെ കാത്തിരിക്കാതെ നടത്തിയതിൽ ഗൂഢാലോചനയുണ്ടെന്നും കുടുംബം ചൂണ്ടിക്കാട്ടി. കേസ് ആദ്യമന്വേഷിച്ച കണ്ണൂർ ടൗൺ ഇൻസ്പെക്ടറുടെ നടപടികളിലും പിന്നീട് രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ ഇടപാടുകളിലും കുടുംബം സംശയം പ്രകടിപ്പിച്ചു. പെട്രോൾ പമ്പിന് എ.ഡി.എം കൈക്കൂലി വാങ്ങിയെന്ന ആരോപണവും അതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലും ബന്ധുക്കൾ ഗൂഢാലോചന സംശയിച്ചിരുന്നു.
ഇത്തരം കാര്യങ്ങളിലെ ദുരൂഹതയകറ്റാൻ സി.ബി.ഐ പോലുള്ള കേന്ദ്ര ഏജൻസി വന്നാൽ പാർട്ടിക്ക് ക്ഷീണമെന്നാണ് വിലയിരുത്തൽ. ജില്ലയിൽ സി.ബി.ഐ അന്വേഷിച്ച അരിയിൽ ഷുക്കൂർ, ഫസൽ വധക്കേസുകളിലെല്ലാം മുതിർന്ന സി.പി.എം നേതാക്കൾ പ്രതികളാണ്.
നവീൻ ബാബുവിന്റെ മരണം: സി.ബി.ഐ അന്വേഷണ ആവശ്യത്തിൽ വിധി തിങ്കളാഴ്ച
കൊച്ചി: എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയിൽ ഹൈകോടതി തിങ്കളാഴ്ച വിധി പറയും. ഭാര്യ മഞ്ജുഷ സമർപ്പിച്ച ഹരജിയിൽ ജസ്റ്റിസ് കൗസർ എടപ്പഗത്താണ് വിധി പറയുക. മരണത്തിൽ ദുരൂഹതയുണ്ടെന്നും പൊലീസ് അന്വേഷണത്തിലും ശാസ്ത്രീയ പരിശോധനയിലും വീഴ്ചകളുണ്ടെന്നുമാണ് മഞ്ജുഷയുടെ ആരോപണം. കോടതി നിർദേശിച്ചാൽ അന്വേഷണം ഏറ്റെടുക്കാമെന്ന് സി.ബി.ഐ അറിയിച്ചിട്ടുണ്ട്.
കേസ് സി.ബി.ഐ ഏറ്റെടുക്കേണ്ട അസാധാരണ സാഹചര്യമെന്താണെന്ന് വാദത്തിനിടെ കോടതി ചോദിച്ചിരുന്നു. പ്രതി പി.പി. ദിവ്യയുടെ രാഷ്ട്രീയ സ്വാധീനത്തിലുള്ള ആശങ്കയാണ് ഹരജിക്കാരി പങ്കുവെച്ചത്. തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ നവീൻ ബാബുവിന്റെ അടിവസ്ത്രത്തിലെ രക്തക്കറ പൊലീസ് അവഗണിച്ചതും ഇൻക്വസ്റ്റ് തിടുക്കത്തിൽ നടത്തിയതും ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾ തമ്മിലെ അന്തരവുമടക്കം ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.