കുന്നുകര (അങ്കമാലി): ചാലാക്ക ശ്രീനാരായണ മെഡിക്കൽ കോളജിലെ വനിത ഹോസ്റ്റലിന്‍റെ ഏഴാം നിലയിലെ കൈവരിയിൽനിന്ന് വീണ് എം.ബി.ബി.എസ് രണ്ടാം വർഷ വിദ്യാർഥിനി മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. വിദ്യാർഥിനി അബദ്ധത്തിൽ താഴേക്ക് വീണെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. ആലുവ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പൊലീസ് ഹോസ്റ്റലിൽ പരിശോധന നടത്തി.
കണ്ണൂർ ഇരിക്കൂർ പെരുവളത്ത്പറമ്പ് മഞ്ഞപ്പാറ റോഡിൽ നൂർ മഹൽ വീട്ടിൽ ഫാത്തിമത്ത് ഷഹാനയാണ് (21) മരിച്ചത്. ശനിയാഴ്ച രാത്രി 11.15ഓടെയാണ് അപകടം. ഹോസ്റ്റലിലെ അഞ്ചാം നിലയിലായിരുന്നു ഷഹാനയുടെ മുറി. സഹപാഠികൾക്കൊപ്പമാണ് ഏഴാം നിലയിലെത്തിയത്. അവിടെനിന്ന് ഫോൺ ചെയ്യുന്നതിനിടെ ഹെഡ്സെറ്റ് തെറിച്ച് കൈവരിക്ക് പുറത്തേക്ക് വീണു. ഇതെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് വിദ്യാർഥിനി അപകടത്തിൽപെട്ടതെന്നാണ് സൂചന. വൈദ്യുതീകരണത്തിന്‍റെയും ജലപൈപ്പുകളുടെയും മറ്റും കണക്ഷനുകൾ സംരക്ഷിച്ച ജിപ്സം ബോർഡിലേക്ക് വിദ്യാർഥിനി വീഴുകയും അവിടെനിന്ന് 70 അടിയോളം താഴ്ചയിൽ നിലംപതിക്കുകയുമായിരുന്നു.
ആറടിയോളം ഉയരമുള്ള കൈവരിയിലൂടെ ഹെഡ്സെറ്റ് എടുക്കാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായതെന്നാണ് പൊലീസ് പറയുന്നത്. നിയന്ത്രണംതെറ്റി കൈവരിയിൽനിന്ന് വീണതാണോ ഹെഡ്സെറ്റ് എടുക്കാൻ കൈവരിയിൽ തല കുനിഞ്ഞ് നിന്നപ്പോൾ നിയന്ത്രണംവിട്ട് വീണതാണോ കൈവരിയിലൂടെ ഇറങ്ങിനിന്നപ്പോൾ ജിപ്സം ബോർഡ് തകർന്നതാണോ എന്നൊന്നും വ്യക്തമായിട്ടില്ല.
കൈവരിക്ക് മുകളിലിരുന്ന് ഫോൺ ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി താഴേക്ക് വീണെന്നാണ് ആശുപത്രിയിൽനിന്നുള്ള മെഡിക്കൽ ബുള്ളറ്റിൽ പറയുന്നത്. അപകടത്തിന് ദൃക്സാക്ഷികളായ സഹപാഠികൾ പലരും മാനസികമായി തകർന്നിരിക്കുകയാണ്. ഇവരുടെ മൊഴിയെടുത്താൽ മാത്രമേ കുടുതൽ കാര്യങ്ങൾ അറിയാനാകൂ. തല തകർന്ന് ചോര വാർന്ന് അവശനിലയിലായ ഷഹാനയെ മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും നില വഷളായി. തുടർന്ന്, എറണാകുളം ആസ്റ്റർ മെഡ്സിറ്റിയിൽ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച പുലർച്ച രണ്ടോടെ മരിച്ചു. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഖബറടക്കം ചൊവ്വാഴ്ച രാവിലെ പെരുവളത്ത്പറമ്പ് യതീംഖാന ജുമാമസ്ജിദ് ഖബർസ്ഥാനിൽ. ഷഹാനയുടെ പിതാവ്: അബ്ദുൽമജീദ്. മാതാവ്: സറീന. സഹോദരങ്ങൾ: റിൻഷാന, മുഹമ്മദ്, എമിൻ മറിയം.
ഏത് രീതിയിലാണ് അപകടമുണ്ടായതെന്നും മരണകാരണവും പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷമേ വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു. ആലുവ ഡിവൈ.എസ്.പി പി.ആർ. രാജേഷിന്‍റെയും ചെങ്ങമനാട് ഇൻസ്പെക്ടർ സോണി മത്തായിയുടെയും നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി.