കേളകം: മലയോരത്തെ കൃഷിയിടങ്ങളിൽ വാനരപ്പട കൈയടക്കി വിളകൾ നശിപ്പിച്ച് വിഹരിക്കുമ്പോൾ പ്രതിഷേധവും നൊമ്പരവും ഉള്ളിലൊതുക്കി കർഷകസമൂഹം. കണിച്ചാർ, കൊട്ടിയൂർ, ആറളം, കോളയാട്, കേളകം പഞ്ചായത്തുകളിലെ കർഷകരുടെ പാടത്ത് വിളയുന്നതിപ്പോൾ നൊമ്പരം മാത്രം.
ആറളം വന്യജീവി സങ്കേതത്തില്‍നിന്നും കൊട്ടിയൂർ, കണ്ണവം വനങ്ങളിൽനിന്നും കൂട്ടത്തോടെയെത്തുന്ന കുരങ്ങുകളാണ് പകലന്തിയോളം മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകന്റെ ജീവിതത്തിലെ വില്ലന്മാര്. കുരങ്ങിന്‍കൂട്ടം തെങ്ങിന്‍തോപ്പിലെത്തി കരിക്കുകളും ഇളനീരുമെല്ലാം വ്യാപകമായി നശിപ്പിക്കുകയാണ്.
കുരങ്ങിന്‍കൂട്ടം ബാക്കിയാക്കി പോകുന്ന തേങ്ങകള്‍ പറിക്കാന്‍ ആളെ വിളിക്കാറില്ല. കാരണം തെങ്ങുകയറ്റ കൂലി കൊടുത്തു കഴിഞ്ഞാല്‍ നഷ്ടമായിരിക്കും ഫലം. ഒരുതെങ്ങ് കയറാന്‍ 40 രൂപയാണു നല്‍കേണ്ടത്. ഇനി പൊഴിഞ്ഞുവീഴുന്ന തേങ്ങ ശേഖരിക്കാമെന്നുവെച്ചാല്‍ അതു കാട്ടുപന്നിയും തിന്നും.
മടപ്പുരച്ചാല്‍, പെരുമ്പുന്ന, ഓടം തോട് ഭാഗത്തെ എല്ലാ കര്‍ഷകരുടെയും സ്ഥിതി സമാനമാണ്. വാഴ, മരച്ചീനി, ഫലവര്‍ഗങ്ങള്‍ തുടങ്ങിയവയും കുരങ്ങുകള്‍ നശിപ്പിക്കുകയാണ്. വാഴക്കന്നുകള്‍ കീറി ഉള്ളിലെ കാമ്പ് തിന്നുകയും പതിവാണ്. കൂടാതെ മൂപ്പെത്താത്ത വാഴക്കുലകൾ തിന്നുനശിപ്പിക്കുകയും ഇലകള്‍ കീറിക്കളയുകയും ചെയ്യും.
കൃത്യമായ ഇടവേളകളില്‍ ഓരോ തോട്ടത്തിലേക്കുമെത്തുന്നതാണ് രീതി. ഭയപ്പെടുത്തി ഓടിക്കാന്‍ ശ്രമിച്ചാല്‍ അക്രമാസക്തരായി കൂട്ടത്തോടെ പിന്തുടര്ന്ന് ആക്രമിക്കുകയും ചെയ്യും. ശാന്തിഗിരി മേഖലയിലെ വാഴത്തോട്ടങ്ങളിൽ നാശം വിതച്ച കുരങ്ങുകൂട്ടം നിലവിൽ കൊക്കോ കൃഷിക്കും ഭീഷണിയായി. കൊക്കോയുടെ പച്ചക്കായകൾ തിന്ന് തീർക്കുകയാണ് വാനരപ്പട.
ആറളം കാർഷിക ഫാമിൽ പ്രതിവർഷം ലക്ഷക്കണക്കിന് നാളികേരം കുരങ്ങുകൾ നശിപ്പിക്കുകയാണ്. കൊട്ടിയൂർ, കണ്ണവം വനാതിർത്തികളിയും കുരങ്ങുശല്യം കുറവല്ല. കൃഷിചെയ്യുന്ന വിളകള്‍ പന്നിയും ആനയും മലമാനും കേഴയും കാട്ടുപോത്തും മത്സരിച്ചു നശിപ്പിക്കുമ്പോള്‍ മറ്റുള്ളവ കുരങ്ങും നശിപ്പിക്കുകയാണ്.
ശല്യക്കാരായ കുരങ്ങുകളെ കൂടുവച്ചു പിടിച്ച് ഉള്‍വനത്തില്‍ വിടണമെന്ന പ്രദേശവാസികളുടെ ആവശ്യത്തിന് വനപാലകര്‍ വിലകൽപിക്കുന്നില്ലെന്നും പരാതിയുണ്ട്. മലയോര മേഖലകളിലെ ടൗണുകളിലും പാതയോരങ്ങളിലും കുരങ്ങുകൂട്ടങ്ങൾ വിഹരിക്കുമ്പോൾ കർഷകർക്ക് നെഞ്ചിടിപ്പേറുകയാണ്.