പാപ്പിനിശ്ശേരി: വീടിനു സമീപത്തുവെച്ച് അഞ്ചുവയസ്സുകാരിയെ തെരുവുനായ് കടിച്ചു പറിച്ചു. തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. ഈന്തോട് താമസിക്കുന്ന ജസീറ-സിയാദ് ദമ്പതികളുടെ യു.കെ.ജി വിദ്യാർഥിനിയായ മകൾ ജിയാനെയാണ് നായ് കടിച്ചത്. കൊച്ചു കൂട്ടുകാർക്കൊപ്പം നടന്നു പോകുമ്പോൾ തെരുവുനായ് ചാടി വീണ് ആക്രമിക്കുകയായിരുന്നു.
കൂടെയുള്ള പിഞ്ചു കുട്ടികൾ ഓടി രക്ഷപ്പെട്ടു. വഴിയിൽ വീണുപോയ ജിയാന് ദേഹമാസകലം നായുടെ ആക്രമണത്തിൽ മുറിവേറ്റു. ഓടിയെത്തിയ ബന്ധുവായ വീട്ടമ്മ ബഹളം വെച്ചാണ് നായെ തുരത്തിയത്. കുട്ടിയെ ഉടൻ പാപ്പിനിശ്ശേരി സി.എച്ച്.സിയിൽ എത്തിച്ച് കുത്തിവെപ്പെടുത്തു. തുടർന്ന് കണ്ണൂർ ജില്ല ആശുപത്രിയിൽ നിന്ന് അധിക കുത്തിവെപ്പ് നൽകി. പാപ്പിനിശ്ശേരി ഈന്തോട് മേഖലയിൽ തെരുവുനായ് ശല്യം രൂക്ഷമാണ്.
രക്ഷിതാക്കൾ ആശങ്കയോടെയാണ് മക്കളെ സ്കൂളിലും മദ്റസകളിലും അയക്കുന്നത്. നായ്ക്കളെ വന്ധ്യംകരിക്കാൻ പാപ്പിനിശേരിയിൽ മുമ്പുണ്ടായിരുന്ന എ.ബി.സി കേന്ദ്രം ഇപ്പോൾ പ്രവർത്തിക്കുന്നില്ല. നായ് ശല്യത്തിനെതിരെ അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ആഴ്ചകൾക്കു മുമ്പാണ് ജില്ലയിൽ വിദ്യാർഥി നായെ കണ്ട് ഭയന്നോടി കിണറ്റിൽ വീണു മരിച്ചത്.