പയ്യന്നൂർ: മലയാളത്തിലെ ആദ്യ പാട്ടുസാഹിത്യമായ പയ്യന്നൂർ പാട്ടുമുതൽ തുടങ്ങുന്ന സാഹിത്യ പരമ്പര. തെയ്യവും പൂരക്കളിയും ചടുലതാളം തീർത്ത കാവുകളിൽ തുടങ്ങി വർത്തമാനകാല വിനോദ മാധ്യമമായ സിനിമയിൽ വരെ അടയാളപ്പെടുന്ന സാംസ്കാരിക പാരമ്പര്യം.
ദേശീയ പ്രസ്ഥാനത്തിൽ തുടങ്ങി കണ്ടങ്കാളിയിലേക്കു വന്ന എണ്ണക്കമ്പനിയെ തുരത്തിയ സമരതീക്ഷ്ണത. ധന്യമാണ് പയ്യന്നൂരിന്റെ സാംസ്കാരിക പാരമ്പര്യമെന്ന് വിളംബരം ചെയ്തതായിരുന്നു ശനിയാഴ്ച നടന്ന പയ്യന്നൂർ സാഹിത്യോത്സവ പാനൽ ചർച്ച. ചരിത്ര സ്മൃതികൾ പടരുന്ന ഗാന്ധി പാർക്കിലെ ഒന്നാം വേദിയിലാണ് പയ്യന്നൂരിന്റെ ഭൂതവർത്തമാനങ്ങൾ ചർച്ച ചെയ്തത് എന്നതും മറ്റൊരു പ്രത്യേകത.
നിരൂപകനും എഴുത്തുകാരനുമായ ഇ.പി. രാജഗോപാലനാണ് ചർച്ചക്ക് തുടക്കമിട്ടത്. പയ്യന്നൂർ പാട്ടും പൂർണ സ്വരാജ് പ്രഖ്യാപിച്ച നാലാം കെ.പി.പി.സി.സി സമ്മേളനവും ഗാന്ധി സന്ദർശനവും ഖാദിയും കണ്ടങ്കാളി സമരവുമൊക്കെ രാജഗോപാലന്റെ ചർച്ചയിൽ ഉയർന്നു വന്നു.
സി. ബാലൻ, കെ. ബാലകൃഷ്ണൻ, വി.വി. കുഞ്ഞികൃഷ്ണൻ എന്നിവരും ചർച്ചകളിൽ പങ്കെടുത്തു. എരമം ശാസനം, നരയൻ കണ്ണൂർ ശാസനം തുടങ്ങിയവ ചരിത്ര പഠനത്തിനു നൽകിയ സംഭാവനകൾ ആദ്യ ചെറുകഥാകൃത്ത് വേങ്ങയിൽ കുഞ്ഞിരാമൻ നായർ പൊളിച്ചെഴുതിയ അരുതായ്മകൾ തുടങ്ങിയവയും പുതിയ വിജ്ഞാന മേഖലകളിലേക്ക് വെളിച്ചം വീശുന്നവയായി.
മുൻ നഗരസഭ ചെയർമാൻ അഡ്വ. ശശി വട്ടക്കൊവ്വൽ മോഡറേറ്ററായി. സി.വി. രാജു സ്വാഗതവും ഇ. ശാരിക നന്ദിയും പറഞ്ഞു. ചടങ്ങിൽ എം.കെ. ജയനേഷിന്റെ പൊട്ടൻ തെയ്യം പുസ്തകം ഇ.പി. രാജഗോപാലൻ പ്രകാശനം ചെയ്തു.