
ചാലോട് ടൗണിലെ ട്രാഫിക് സിഗ്നല്‍
മട്ടന്നൂര്‍: നാട്ടുകാരുടെ ഏറെക്കാലത്തെ മുറവിളിക്ക് ആശ്വാസമായി ചാലോട് ടൗണില്‍ ട്രാഫിക് സിഗ്നല്‍ സംവിധാനമൊരുങ്ങി. വിമാനത്താവളത്തിന്റെ തൊട്ടടുത്ത ടൗണായ ചാലോടിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് ജങ്ഷനില്‍ സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന സിഗ്നല്‍ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.
കണ്ണൂര്‍-മട്ടന്നൂര്‍-ഇരിക്കൂര്‍-തലശ്ശേരി റോഡുകള്‍ കൂടിച്ചേരുന്ന ജങ്ഷനില്‍ വാഹനാപകടങ്ങളും ഗതാഗത കുരുക്കും പതിവാണ്. വാഹനാപകടങ്ങളും ഗതാഗതക്കുരുക്കും പരിഹരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന നാട്ടുകാരുടെ പരാതികള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. അപകടത്തിൽപെട്ട് മരണപ്പെടുകയും, നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്യുന്നത് നിത്യസംഭവമായിരുന്നു. ട്രാഫിക് സിഗ്നല്‍ സംവിധാനം വരുന്നതോടുകൂടി ഗതാഗത പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്ന് ഒരു വിഭാഗം പറയുമ്പോഴും, താരതമ്യേന വീതി കുറഞ്ഞ റോഡായതിനാല്‍ ട്രാഫിക് സിഗ്നല്‍ സംവിധാനം വേണ്ടത്ര പ്രയോജനം ചെയ്യില്ലെന്ന ആശങ്കയും ജനങ്ങള്‍ക്കിടയിലുണ്ട്.