
പയ്യന്നൂർ: ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് രാമന്തളി ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ മൂന്ന് ക്വാർട്ടേഴ്സുകൾക്ക് അശാസ്ത്രീയ മാലിന്യ സംസ്കരണത്തിന് 25,000 രൂപ പിഴ ചുമത്തി.
മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചതിനും മലിന ജലം ശാസ്ത്രീയമായി സാംസ്കരിക്കാതെ പ്രദേശത്ത് കെട്ടി കിടക്കുന്നതിനും എം.ടി. സുകുമാരന്റെ ഉടമസ്ഥതയിലുള്ള ക്വാർട്ടേഴ്സിന് 10,000 രൂപ പിഴ ചുമത്തി. രാമന്തളിയിൽ പ്രവർത്തിച്ചു വരുന്ന ഫാത്തിമ ക്വാർട്ടേഴ്സിൽ നടത്തിയ പരിശോധനയിൽ ജൈവ-അജൈവ മാലിന്യങ്ങൾ കുഴിയിൽ കൂട്ടി ഇടുകയും മാലിന്യങ്ങൾ അഴുകി പ്രദേശത്ത് മുഴുവൻ ദുർഗന്ധം പരത്തുന്ന നിലയിലും സ്ക്വാഡ് കണ്ടെത്തി.
കൂടാതെ ക്വാർട്ടേഴ്സ് പരിസരങ്ങളിൽ മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുകയും മാലിന്യങ്ങൾ വേർതിരിക്കാതെ ചാക്കിൽ സംഭരിച്ചു വെച്ചിരിക്കുന്നതായും സ്ക്വാഡ് കണ്ടെത്തി. ഈ ക്വാർട്ടേഴ്സിന് 10,000 രൂപ പിഴ ചുമത്തുകയും മാലിന്യങ്ങൾ എടുത്തു മാറ്റാൻ നിർദേശം നൽകുകയും ചെയ്തു. ജൈവ, അജൈവ മാലിന്യങ്ങൾ വേർതിരിക്കാതെ കുഴിയിൽ കൂട്ടിയിട്ടതിന് രാമന്തളിയിൽ പ്രവർത്തിച്ചു വരുന്ന പ്രണവം അപ്പാർട്ട്മെന്റ്സിന് സ്ക്വാഡ് 5000 രൂപയും പിഴ ചുമത്തി.
പരിശോധനയിൽ ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ പി.പി. അഷ്റഫ്, അംഗങ്ങളായ അലൻ ബേബി, സി.കെ. ദിബിൽ, രാമന്തളി എഫ്. എച്ച്.സി ഹെൽത്ത് ഇൻസ്പെക്ടർ കെ.വി. ഗിരീഷ് ഗ്രാമപഞ്ചായത്ത് ക്ലാർക്ക് സി.കെ. അഖിൽ തുടങ്ങിയവർ പങ്കെടുത്തു.