
മുള്ളൻപന്നി തിന്നുതീർത്ത കശുവണ്ടികൾ
കേളകം: കർഷകരെ ദുരിതത്തിലാഴ്ത്തി കശുമാവ് തോട്ടങ്ങളിൽ മുള്ളൻപന്നികളും വ്യാപകമായി വിളവെടുക്കുന്നു. കൃഷിയിടങ്ങളിൽ വിളകൾ നശിപ്പിച്ച് മുള്ളൻ പന്നികൾ പെരുകുന്നതായി കർഷകർ പരിതപിക്കുകയാണ്. കൃഷിയിടങ്ങളിൽ മുള്ളൻപന്നിയുടെ ശല്യം രൂക്ഷമായതോടെ കശുവണ്ടി കർഷകർ വലിയ ദുരിതത്തിലാണ്.
കശുവണ്ടി ശേഖരിക്കാൻ എത്തുമ്പോഴെക്കും കശുവണ്ടി പകുതി ഭാഗം മുള്ളൻ പന്നി ഭക്ഷിച്ചിരിക്കും. ഇത്തരത്തിൽ ആഴ്ചയിൽ കിലോ കണക്കിന് കശുവണ്ടിയാണ് മുള്ളൻപന്നി ഭക്ഷിച്ച് നശിപ്പിക്കുന്നത്. ഇതോടെ വില കുറവിൽ ഏറ്റ പ്രഹരം കൂടാതെ മുള്ളൻപന്നിയുടെ നിരന്തര ശല്യം കൂടിയാകgമ്പോൾ കർഷകർ ദുരിതത്തിലാവുകയാണ്.
രാത്രികാലങ്ങളിൽ വീഴുന്ന കശുവണ്ടി മുഴുവൻ മുള്ളൻ പന്നികൾ കാർന്ന് തിന്നുന്നതിനാൽ കർഷകർക്ക് കനത്ത നഷ്ടമാണ്. വനാതിർത്തികളോട് ചേർന്ന പ്രദേശങ്ങളിലാണ് മുള്ളൻപന്നികളുടെ വിഹാരം. ശാന്തിഗിരി, കരിയങ്കാപ്പ്, മേമല, ആറളം ഫാം എന്നിവിടങ്ങളിലെ കശുവണ്ടി ഇപ്പോൾ കൂടുതൽ വിളവെടുക്കുന്നത് മുള്ളൻ പന്നിയാണെന്ന് കർഷകർ.