
റമദാനോടനുബന്ധിച്ച് മട്ടന്നൂർ ഹിറ സെന്ററിൽ
ബിരിയാണിക്കഞ്ഞി കുടിക്കാൻ എത്തിയവർ
ഇരിട്ടി: പുരാതന കാലത്തെ രാജാക്കന്മാരുടെ നോമ്പുതുറ വിഭവങ്ങളിലെ സുപ്രധാന വിഭവമായ ബിരിയാണിക്കഞ്ഞി ഇപ്പോള്‍ മട്ടന്നൂരിന്റെ കൂടി വിഭവമായി മാറി. 2005 മുതല്‍ മട്ടന്നൂരിലെ ഹിറ സെന്ററില്‍ ആരംഭിച്ച ഇഫ്താര്‍ വിഭവമാണ് ബിരിയാണിക്കഞ്ഞി. 20 വര്‍ഷമായി വിതരണം ചെയ്യുന്ന ബിരിയാണിക്കഞ്ഞിയെ ഏറെ പ്രിയത്തോടെ ഹൃദയത്തിലേറ്റിയിരിക്കുകയാണ് മട്ടന്നൂരിലെയും പരിസരങ്ങളിലെയും വിശ്വാസി സമൂഹം.
നേരിയരി, ആട്ടിറച്ചി, ബിരിയാണി മസാലകള്‍ എന്നിവക്കൊപ്പം ഗരംമസാല, പശുവിന് നെയ്യ് എന്നിവ ചേര്‍ത്താണ് കഞ്ഞി തയാറാക്കുന്നത്. പോഷകസമൃദ്ധമായ ബിരിയാണിക്കഞ്ഞി വ്രതവിശ്വാസിയെ സംബന്ധിച്ച് ഏറെ ആരോഗ്യദായകമാണ്. ഹിറ സെന്ററിലെ കഞ്ഞി വിതരണം നടക്കുന്നത് അലി മട്ടന്നൂരിന്റെ നേതൃത്വത്തിലാണ്. നോമ്പുതുറക്ക് എത്തുന്നവരെ കൂടാതെ നിരവദി വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും കഞ്ഞി നല്കി വരുന്നുണ്ടെന്ന് ഹിറ സെന്റര്‍ പ്രസിഡന്റ് പി.സി. മൂസ്സ ഹാജിയും, ജനറല്‍ സെക്രട്ടറി ടി.പി. തസ്നീമും പറഞ്ഞു.